വിദേശികളുടെ ആധിക്യം തൊഴിലില്ലായ്മക്ക് കാരണം -സൗദി തൊഴിൽ മന്ത്രി
റിയാദ് - സൗദിയിലും ഗൾഫ് രാജ്യങ്ങളിലും തൊഴിലവസരങ്ങളില്ലാത്തതല്ല തൊഴിലില്ലായ്മക്ക് കാരണമെന്ന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. മുഫറജ് അൽഹഖ്ബാനി പറഞ്ഞു. ഗൾഫ് തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ തൊഴിലാളികളുടെ ആധിക്യമാണ് തൊഴിലില്ലായ്മക്ക് കാരണം.
ഗൾഫ് തൊഴിൽ വിപണികളിൽ വിദേശ തൊഴിലാളികളുടെ ആധിപത്യമാണ്. പ്രാദേശിക തൊഴിൽ വിപണിയിലെ തൊഴിലില്ലായ്മക്ക് കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന വിവിധ നയങ്ങൾ കാരണമാണ്. വിദേശികൾക്കു പകരം സ്വദേശികളെ നിയമിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ഇതിന് പരിഹാരം കാണുന്നതിന് സാധിക്കും. ചില തൊഴിൽ മേഖലകളിലുള്ള വിദേശികളുടെ ആധിപത്യം ഗൾഫ് സമ്പദ്വ്യവസ്ഥകൾ നേരിടുന്ന വെല്ലുവിളിയാണെന്നും ഡോ. മുഫറജ് അൽഹഖ്ബാനി പറഞ്ഞു.
സ്വദേശി വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കും. മൊബൈൽ ഫോൺ വിപണിയിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം വിജയകരമായിരുന്നു. വാണിജ്യ-നിക്ഷേപ, മുനിസിപ്പൽ, ടെലികോം, തൊഴിൽ മന്ത്രാലയങ്ങളും മറ്റു സർക്കാർ വകുപ്പുകളും സഹകരിച്ചാണ് മൊബൈൽ ഫോൺ വിപണിയിൽ സമ്പൂർണ സൗദിവൽക്കരണം സാധ്യമാക്കിയത്. നേരത്തെ ഈ മേഖലയിൽ വിദേശികളുടെ കുത്തകയായിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സഹകരിച്ചത് സൗദിവൽക്കരണ തീരുമാനം വിജയകരമായി നടപ്പാക്കുന്നതിന് സഹായിച്ചു. വാണിജ്യ-നിക്ഷേപ, ആരോഗ്യ മന്ത്രാലയങ്ങളും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും അടക്കമുള്ള വിവിധ വകുപ്പുകളുമായി സഹകരിച്ച് സൗദിവൽക്കരണത്തിന് ഏറ്റവും അനുയോജ്യമായ കൂടുതൽ മേഖലകൾ നിർണയിക്കും. പ്രാദേശിക വിപണിയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒറ്റക്ക് പ്രവർത്തിക്കില്ലെന്നും ഡോ. മുഫറജ് അൽഹഖ്ബാനി പറഞ്ഞു.