റിയാദ്- പൊതുമേഖല എണ്ണ കമ്പനിയായ സൗദി അറാംകോയുടെ ഓഹരികൾ 17ന് വിപണിയിലെത്തും. വ്യക്തികൾക്ക് ഈ മാസം 28 വരെയും കമ്പനികൾക്ക് ഡിസംബർ നാലുവരെയും ഓഹരികൾ സ്വന്തമാക്കാനുള്ള അപേക്ഷ നൽകാമെന്ന് കമ്പനി വ്യക്തമാക്കി.
60 ബില്യൻ റിയാൽ മൂലധനമുള്ള കമ്പനി 200 ബില്യൻ ഓഹരികളാണ് വിപണിയിലിറക്കുന്നത്. എന്നാൽ 600 പേജുള്ള പ്രോസ്‌പെക്ടസിൽ ഓഹരി മൂല്യം വെളിപ്പെടുത്തിയിട്ടില്ല. അന്തിമ ഐ.പി.ഒയുടെ വില ഡിസംബർ അഞ്ചിനാണ് പ്രഖ്യാപിക്കുക. അപേക്ഷ സ്വീകരിച്ചാൽ ഡിസംബർ എട്ടിനകം സബ്‌സ്‌ക്രിപ്ഷ്യൻ വില അടക്കേണ്ടതുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഓഹരി ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നതിന് അനുമതി ലഭിച്ചതായി അറാംകോ അറിയിച്ചത്. ഓഹരി മൂല്യം പ്രഖ്യാപിക്കാതെയാണിപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. ഡിസംബർ നാലിന് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ച് അഞ്ചിന് വില പ്രഖ്യാപിക്കും. 0.5 ശതമാനം മാത്രമാണ് ആദ്യത്തെ ആറുമാസത്തേക്ക് വിൽക്കുന്നത്. വിൽപന തുടങ്ങിയശേഷം ആറു മാസത്തേക്ക് അറാംകോക്ക് ഷെയർ ലിസ്റ്റ് ചെയ്യാനോ 12 മാസത്തേക്ക് കൂടുതൽ ഷെയറുകൾ പുറത്തിറക്കാനോ സാധിക്കില്ല.
സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ തദാവുലിൽ ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികളിൽ നിക്ഷേപമുള്ള പൊതു, സ്വകാര്യ ഫണ്ടുകൾ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാടുകൾക്ക് ലൈസൻസുള്ള വ്യക്തികൾ, കാപിറ്റൽ അതോറിറ്റി ലൈസൻസ് ലഭിച്ച വ്യക്തിയുടെ ഇടപാടുകാർ, സൗദിയിൽ ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ട് തുറക്കാൻ അനുമതി ലഭിച്ച വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ, ജി.സി.സി കമ്പനികൾ, സ്വദേശി പൗരന്മാർ എന്നിവർക്കെല്ലാം ഓഹരി സ്വന്തമാക്കാവുന്നതാണ്.
സൗദി വിപണി മാത്രമാണ് ഗുണഭോക്താവും അന്തിമ കമ്പോളവും. വിദേശ നിക്ഷേപകർക്ക് ഓഹരി വാങ്ങണമെങ്കിൽ സൗദി സെൻട്രൽ സെക്യൂരിറ്റീസ് ഡെപോസിറ്ററി(ഈദാ)യിൽ പോർട്ട്‌ഫോളിയോ അക്കൗണ്ട്, സൗദിയിൽ പ്രത്യേക കസ്റ്റഡി അക്കൗണ്ട്, സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സ്വന്തം പേരിൽ അക്കൗണ്ട്, തദാവുൽ അക്കൗണ്ട് എന്നിവ തുറക്കേണ്ടതുണ്ട്.
സ്വദേശികളായ ഓഹരി ഉടമകൾ 180 ദിവസം തുടർച്ചയായി ഓഹരി സൂക്ഷിച്ചാൽ സൗജന്യ ഷെയറുകൾ ബോണസായി ലഭിക്കും. ഐ.പി.ഒ സമയത്ത് അവർ വാങ്ങുന്ന 10 ഓഹരികൾക്ക് ഒന്ന് എന്ന നിലയിലാണ് സൗജന്യം ലഭിക്കുക. 100 ഓഹരിവരെ സൗജന്യമായി ലഭിക്കും. സൗദിയിൽ താമസിക്കുന്ന നിക്ഷേപകരായ വിദേശികൾക്കും ജി.സി.സി പൗരന്മാർക്കും സ്വദേശികൾക്കുമാണ് ഓഹരികൾ വാങ്ങാനാകുക. എൻ.സി.ബി, സാബ്, സാംബ, ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ഫസ്റ്റ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, അൽബിലാദ്, അൽജസീറ, അൽറിയാദ്, അൽറാജ്ഹി, അൽഇൻമാ, ഫ്രഞ്ച് സൗദി, അൽഖലീജ് ഇന്റർനാഷണൽ എന്നീ ബാങ്കുകൾ വഴി മാത്രമേ ഐ.പി.ഒ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്ന് അറാംകോ അറിയിച്ചു.