Sorry, you need to enable JavaScript to visit this website.

സൗദിയിൽപദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് മൂന്നുമാസത്തെ സാവകാശം

റിയാദ്- സ്വയം വിലയിരുത്തലിന് ശേഷം പദവി ശരിയാക്കാൻ രാജ്യത്തെ വൻകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് മൂന്നു മാസത്തെ സാവകാശം തൊഴിൽ മന്ത്രാലയം അനുവദിച്ചു. സ്ഥാപനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട എല്ലാ നിയമലംഘനങ്ങളും പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം മൂന്നു മാസത്തെ സാവകാശം അനുവദിച്ചത്. വൻകിട സ്ഥാപനങ്ങൾ നവംബർ അവസാനത്തോടെയും ഇടത്തരം സ്ഥാപനങ്ങൾ ഒക്ടോബർ 23 മുതൽ മൂന്നു മാസത്തിനുള്ളിലും തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സ്വയം വിലയിരുത്തൽ നടത്തണമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഇതിന് ശേഷം ഓരോ സ്ഥാപനങ്ങൾക്കും അവയുടെ പോരായ്മകൾ പരിഹരിക്കാൻ മൂന്നു മാസത്തെ സമയം അനുവദിക്കും. തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നതിന് മുമ്പ് തന്നെ സ്ഥാപനങ്ങൾ എല്ലാ നിയമലംഘനങ്ങളും ശരിയാക്കണമെന്നും നിയമം പാലിച്ച് തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാ അൽഖൈൽ അറിയിച്ചു. 
സ്വയം വിലയിരുത്തലിനായി 'അത്തഖ്‌യീമുദ്ദാത്തി' എന്ന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പ്രോഗ്രാമിൽ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തി ആവശ്യമായ വിവരങ്ങൾ നൽകുമ്പോൾ ഓരോ സ്ഥാപനങ്ങളുടെയും നിയമലംഘനവും ന്യൂനതകളും കമ്പനി അധികൃതർക്ക് മനസ്സിലാകും. എല്ലാ സ്ഥാപനങ്ങൾക്കും ഈ രജിസ്‌ട്രേഷൻ നിർബന്ധമാണ്.
പ്രോഗ്രാമിൽ പ്രവേശിച്ചാൽ 17 മാനദണ്ഡങ്ങളാണ് സ്വയം വിലയിരുത്തലിനുള്ളത്. അഞ്ചെണ്ണം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും ആറെണ്ണം തൊഴിലാളികളുമായി ബന്ധപ്പെട്ടതുമാണ്. മറ്റു ആറെണ്ണം പ്രത്യേക വിഭാഗങ്ങളിൽ പെട്ടവർക്ക് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ടാണ്. ഓരോ സ്ഥാപനത്തിന്റെയും വിശദ വിവരങ്ങൾ ശേഖരിച്ചാണ് പരിശോധകരെത്തുക.
കഴിഞ്ഞ ശവ്വാലിലാണ് ഈ പദ്ധതി സംബന്ധിച്ചുള്ള തീരുമാനം തൊഴിൽ മന്ത്രി പ്രഖ്യാപിച്ചത്. എല്ലാ സ്ഥാപനങ്ങൾക്കും ഇനി മുതൽ ഓരോ വർഷാരംഭത്തിലും ഇത്തരം വിലയിരുത്തലുകൾ നടത്തേണ്ടിവരും. ഇല്ലെങ്കിൽ തൊഴിൽമന്ത്രാലയ സേവനങ്ങൾ തടയപ്പെടും.


 

Latest News