ജിദ്ദ- ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മയ്യഴി സ്വദേശി ജിദ്ദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. മാഹി മഞ്ചക്കല്‍ കോമത്ത്കരയില്‍ മഹമൂദ് (63) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25 ന് താമസസ്ഥലത്ത് രക്തസമ്മര്‍ദം കൂടി കുഴഞ്ഞുവീണ ഇദ്ദേഹത്തെ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവന്ന ഇദ്ദേഹം ഐ.സി.യുവില്‍ കഴിയവേയാണ് മരിച്ചത്.
37 വര്‍ഷമായി ജിദ്ദയിലുള്ള മഹമൂദ് നിയമക്കുരുക്കുകളില്‍ പെട്ട് നാല് വര്‍ഷത്തോളമായി നാട്ടില്‍ പോകാന്‍ കഴിയാതിരിക്കുകയായിരുന്നു. സ്‌പോണ്‍സറുമായ ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ 23,000 റിയാല്‍ അടക്കേണ്ടതുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പണമടക്കാന്‍ സംവിധാനമുണ്ടാക്കി നാട്ടിലേക്ക് കയറ്റിവിടാനുള്ള നടപടികള്‍ ചെയ്തുവരുമ്പോഴാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീഴുന്നത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത മഹമൂദിന്റെ ചികിത്സക്ക് വന്‍ തുക വേണ്ടിവരുമെന്നതിനാല്‍ ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം ബന്ധുക്കള്‍ നാട്ടിലേക്ക് അയക്കാനുള്ള ശ്രമം നടത്തിവരവേയാണ് മരണം. ഖബറടക്കം ജിദ്ദയില്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
പരേതനായ തിട്ടയില്‍ ഉസ്മാന്റെയും കോമത്ത്കര ഹഫ്‌സത്തിന്റെയും മകനാണ്. ഭാര്യ: വട്ടക്കണ്ടി റംല. മക്കള്‍: റസീന, റംഷീദ, മസീദ്.
മരുമക്കള്‍: നൗഫല്‍, ഷനീദ്. സഹോദരങ്ങള്‍: റഹ്മത്ത്, ഷമീമ.