ദുബായ്- യു.എ.ഇയില്‍ തുടരുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. പ്രശസ്തമായ ദുബായ് മാളിലെ ചില ഷോപ്പുകളില്‍ വെള്ളം കയറി. ദുബായില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
ദുബായ് മാളില്‍ വെള്ളം കയറിയത് ചില സ്ഥലങ്ങളില്‍ ചോര്‍ച്ചക്കിടയാക്കിയതായി നിര്‍മാതാക്കളായ ഇമാര്‍ വക്താവ് അറിയിച്ചു. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
മാളിലെ ചില കടകളില്‍ വെള്ളം കുത്തിയൊഴുകുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗം പ്രചരിച്ചു. എങ്കിലും ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളക്കെട്ടില്‍കൂടി ഉപഭോക്താക്കള്‍ നടക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. കാറ്റിന്റെ അകമ്പടിയോടെയുള്ള കനത്ത മഴയാണ് പെയ്യുന്നത്. കാറ്റില്‍ പാരഷൂട്ടുകള്‍ പൊട്ടിവീണ് കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കാലാവസ്ഥ അനിശ്ചിതമായി തുടരുന്നതിനാല്‍ തിങ്കളാഴ്ച വിമാന സര്‍വീസുകളുടെ സമയങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്ന് ദുബായ് വിമാനത്താവള വക്താവ് അറിയിച്ചു.