ജിദ്ദ- സൗദി അറേബ്യയും യു.എ.ഇയും സംയുക്ത സന്ദര്‍ശക വിസ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് പ്രവാസി മലയാളി സംരംഭകര്‍ക്ക് ആവേശം പകര്‍ന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സുഗമമായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന നിര്‍ദിഷ്ട വിസ 2020ല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ഇത് പ്രകാരം യു.എ.ഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയും തിരിച്ചും പുതിയ വിസയെടുക്കാതെ തന്നെ യാത്ര ചെയ്യാനാവും. ഇത് നിലവില്‍ വരുമ്പോള്‍ ഇരു രാജ്യങ്ങളിലുമായി വ്യാപാര സംരംഭങ്ങളുള്ള കച്ചവടക്കാരായിരിക്കും ഏറ്റവും വലിയ ഗുണഭോക്താക്കള്‍. യു.എ.ഇയുടെ വാണിജ്യ നഗരമായ ദുബായിയാണ് ഇന്ത്യക്കാരുടെ സംരംഭങ്ങളുടെ മിഡില്‍ ഈസ്റ്റിലെ ആസ്ഥാനം. മുപ്പത് ലക്ഷം ഇന്ത്യക്കാരുള്ള രാജ്യമാണ് മേഖലയിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യ. പ്രവാസികളില്‍ ഭൂരിഭാഗവും മലയാളികളും. കേരളീയ വിഭവങ്ങളുടെ ഗള്‍ഫിലെ പ്രധാന വിപണിയാണ് സൗദി അറേബ്യ. യു.എ.ഇ-സൗദി സംയുക്ത സന്ദര്‍ശക വിസ യൂറോപ്പിലെ ഷെന്‍ഗന്‍ രാജ്യങ്ങള്‍ക്കിടയിലെ വിസയ്ക്ക് സമാനമായി മാറുമെന്നാണ് ട്രാവല്‍ ബിസിനസ് രംഗത്തുള്ളവര്‍ കണക്ക് കൂട്ടുന്നത്. ഷെന്‍ഗന്‍ വിസയുള്ളവര്‍ക്ക് യൂറോപ്പിലെ പ്രധാനപ്പെട്ട 26 രാജ്യങ്ങളില്‍ പ്രത്യേക വിസയെടുക്കാതെ സന്ദര്‍ശിക്കാന്‍ കഴിയുന്നു. റിയാദില്‍ അടുത്തിടെ സമാപിച്ച മരുഭൂമിയിലെ ഡാവോസ് എന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ പങ്കെടുത്ത് സംസാരിക്കവേ യു.എ.ഇ ധനമന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരിയാണ് സംയുക്ത വിസ ഏര്‍പ്പെടുത്തുന്ന കാര്യം വെളിപ്പെടുത്തിയത്. രണ്ട് രാജ്യങ്ങളിലേയും ഉദ്യോഗസ്ഥ പ്രമുഖര്‍ ഇതു സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് യു.എ.ഇ മന്ത്രി ചൂണ്ടിക്കാട്ടി. വിഷന്‍ 2030ന്റെ ഭാഗമായി സൗദി അറേബ്യ പ്രത്യേക പ്രോത്സാഹനം നല്‍കുന്ന ടൂറിസം രംഗത്തിന്റെ കുതിച്ചു ചാട്ടത്തിനും ഇത് വഴിയൊരുക്കും. അതിനിടെ, സൗദി അറേബ്യയേയും ബഹ്‌റൈനിനേയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയ്ക്ക് സമാന്തരമായി പുതിയ പാലം നിര്‍മിക്കാനും ഉച്ചകോടിയില്‍ ധാരണയായിട്ടുണ്ട്. ആഘോഷ വേളകളിലും മറ്റും അഭൂതപൂര്‍വമായ തിരക്കാണ് ദമാമില്‍ നിന്നുള്ള കടല്‍പാതയില്‍ അനുഭവപ്പെടുന്നത്. മനാമയിലെ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ചേരുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മിക്കുക. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പാതയുടെ ഭാഗമായിട്ടാണ് ബഹ്‌റൈനില്‍ റെയില്‍വേ ലൈനും സ്റ്റേഷനും പണിയുന്നത്.