കൊച്ചി- കോടതി വിധി ഉൾക്കൊണ്ട് അത് വിശ്വാസമാക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ. അയോദ്ധ്യ-ബാബരി മസ്ജിദ് വിഷയം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ രാജ്യത്തിന്റെ സമാധാനം കെടുത്തിയുരുന്നു. സുപ്രീം കോടതി വിധിയോടെ തർക്കങ്ങൾ അവസാനിക്കണമെന്നും ഇനിയും ഇതിന്റെ പേരിൽ ജീവനുകൾ പൊലിയരുതെന്നും അദേഹം പറഞ്ഞു. അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തിൽ ആലുവ അദൈ്വതാശ്രമം സൗഹൃദവേദി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. വിധിയുടെ മറവിൽ ലാഭനഷ്ട കണക്കുകളുടെ പുസ്തകങ്ങൾ ആരും തുറക്കരുത്. കോടതി വിധിയോടെ ഈ വിഷയുമായി ബന്ധപ്പെട്ട കണക്ക് പുസ്തകങ്ങൾ അടയ്ക്കണം. വിധി പ്രതികൂലമാണെങ്കിലും അനുകൂലമാണെങ്കിലും അത് ഉൾക്കൊള്ളുവാനുള്ള മനസ്സാണ് വലുത്. കോടികണക്കിന് ആളുകൾ പലമതങ്ങളിൽ വിശ്വസിച്ച് സാഹോദര്യത്തോടെ വാഴുന്ന നാടാണ് ഇത്. ആ ഏകത്വം ലോകത്തിന് മുന്നിൽ പ്രകടമാക്കുവാനാണ് ഈ വിധി ഉപയോഗിക്കണ്ടത്. മതങ്ങളും ആചാരങ്ങളും ഓരോരുത്തരുടെയും സ്വകാര്യതയായി മാത്രം കണ്ടാൽ മതിയെന്നും കെമാൽപാഷ പറഞ്ഞു. എല്ലാ വിശ്വാസങ്ങൾക്കും മുകളിലാണ് ഇന്ത്യൻ ഭരണഘടനയുടെ സ്ഥാനം. അത് അനുശ്വാസിക്കുന്ന രീതിയിൽ ജീവിച്ചാൽ മാത്രംമതി മറ്റ് അനിഷ്ട സംഭവങ്ങൾക്ക് സ്ഥാനമില്ലെന്നും അദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയെ വിമർശിക്കുവാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ പ്രത്യേക സാഹചര്യം പരിഗണിച്ച് അയോദ്ധ്യകേസിലെ വിധിയെ പോലും വിമർശിക്കുന്നതിനോട് യോജിപ്പില്ല. ഓരോ വിമർശനങ്ങൾ ഓരോ അപകടങ്ങൾ വിളിച്ചുവരുത്തും. അത് പലതരത്തിലുള്ള കാഴ്ച്ചപ്പാടിലേക്ക് വഴിതിരിച്ചുവിടും. വിധി ഉൾക്കൊണ്ട് പ്രവറത്തിച്ചാൽ മാത്രം മതിയെന്നും കെമാൽപാഷ പറഞ്ഞു. സുപ്രീം കോടതി വിധിയെ പക്വതയോടെ സമീപിക്കണമെന്ന് അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ പറഞ്ഞു. ഒരു തരത്തിലുമുള്ള ആഹ്ളാദ പ്രകടനങ്ങളോടെയൊ വിദ്വേഷ പ്രസംഗങ്ങളിലൂടെയോ വിധിയെ സ്വാഗതം ചെയ്യരുത്. സുപ്രീം കോടതി വിധി അന്തിമമാണെന്ന് കരുതി പക്വമായ മനസ്സോടെ സ്വീകരിക്കണം. സംസ്ഥാനത്തെ ജനങ്ങൾ വിവേകശാലികളാണ്. ഏത് വിഷയവും വിവേകത്തോടെ സമീപിക്കുവാൻ അവർക്കാവുമെന്നും അദേഹം പറഞ്ഞു. അയോദ്ധ്യ-ബാബരി മസ്ജിദ് തർക്കത്തിന്റെ ഇരുൾമൂടിയ അധ്യായം എന്നന്നേക്കുമായി അടഞ്ഞതായി വിശ്വാസിക്കുന്നുവെന്ന് കൊച്ചി ഗ്രാന്റ് മസ്ജിദ് ഇമാം എം.പി ഫൈസൽ അസ്ഹരി പറഞ്ഞു. ഭൂതകാലത്തിന്റെ തടവറയിൽ ജീവിക്കാതെ ലാഭനഷ്ട കണക്കുകൾ പരിശോധിക്കാതെ വിധിയെ ഉൾക്കൊള്ളണം. രാജ്യം വലിയൊരു വിപത്തിൽ നിന്ന് വിധിയിലൂടെ മുക്തമായതായി കരുതാം. മറ്റ് മുസ്‌ലിം സംഘടനകൾ നേരത്തെ തന്നെ വിധിയെ അംഗീകരിച്ചിട്ടുള്ളതാണ്. മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള വഴിയായി കോടതിവിധിയെ കാണണം. കഴിഞ്ഞ കാലങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യാതെ ആരാധനാലയങ്ങളുടെ പേരിൽ ഇനിയൊരു സംഘർഷമുണ്ടാകരുതെന്നും ഫൈസൽ അസ്ഹരി പറഞ്ഞു. ഭാരതത്തിന്റെ മതസൗഹാർദ മൂല്യങ്ങൾ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നതിന് വിധിയെ വിനയോഗിക്കണമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഫാ. വിൻസന്റ് കുണ്ടുകുളം പറഞ്ഞു. വിധിയിൽ തെറ്റുകുറ്റങ്ങളുണ്ടാകാം. അതിനെ ഇഴകീറി പരിശോധിക്കാതെ ചരിത്രനിമിഷമായി രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും ഫാ വിൻസെന്റ് കുണ്ടുകുളം പറഞ്ഞു. ബഷീർ കല്ലേലിൽ, ജയ്മോൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.