കൊച്ചി- അയോധ്യ കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ പ്രതികരിച്ച രണ്ടുപേർക്കെതിരെ കൊച്ചി സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സെയ്ഫുദ്ദീൻ ബാബു, ഇബ്രാഹിം കുഞ്ഞപ്പ എന്നീ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. രഞ്ജിത്‌ലാൽ മാധവൻ എന്നയാൾ ഫേസ്ബുക്കിൽ അയോധ്യ വിധി സംബന്ധിച്ചിട്ട പോസ്റ്റിൽ ഇവരിട്ട കമന്റുകളാണ് കേസിനാധാരം. വെള്ളിയാഴ്ചയാണ് രഞ്ജിത്ത് മാധവൻ പോസ്റ്റിട്ടത്. കേരള പോലിസിന്റെ സൈബർ ഡോം വിഭാഗമാണ് പോസ്റ്റിലെ കമന്റ് കണ്ടെത്തിയത്. എന്നാൽ കമന്റിനെക്കുറിച്ച് ഈ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തികളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ല. സൈബർ ഡോം ഇതു സംബന്ധിച്ച് പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത വരൂ. ഐ.പി.സി 153 എ, 550 ബി, 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ സമൂഹ മാധ്യമങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.