ദുബായ്- റോഡപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന മരണ സംഖ്യയില്‍ ഈ വര്‍ഷം ഇതുവരയുള്ള കണക്കുകള്‍ പ്രകാരം ഗണ്യമായ കുറവുണ്ടായതായി ദുബായ് പോലീസ്. 2016-ലെ ഇതേകാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ റോഡുകളിലെ മരണം 32 ശതമാനം കുറഞ്ഞിട്ടുണ്ട്. 2020-ഓടെ സമ്പൂര്‍ണ റോഡ് അപകട മരണ രഹിത നാടായി ദുബായിയെ മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കാര്യമായ ബോധവല്‍ക്കരണവും മറ്റു നടപടികളും പോലീസ് സ്വീകരിച്ചിരുന്നെങ്കിലും ഉയര്‍ന്ന മരണ നിരക്കാണ് റോഡപകടങ്ങളില്‍ ഉണ്ടായിരുന്നത്.ഈ വര്‍ഷം ആദ്യപകുതിയില്‍ 1,447 വാഹനാപകടങ്ങളില്‍ 76 പേര്‍ കൊല്ലപ്പെടുകയും 996 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016-ല്‍ ഇതേ കാലയളവില്‍ 1490 അപകടങ്ങളിലായി 112 പേര്‍ മരിക്കുകയും 1056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
'യുഎഇയില്‍ പൊതുവെ വാഹനാപകടങ്ങളില്‍ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയത് ദുബായിലാണ്. പുതിയ ട്രാഫിക് നിയമം നിലവില്‍ വന്നതോടെ ഈ നിരക്ക് ഇനിയും കുറയുമെന്നാണ് പ്രതീക്ഷ,' ദുബായ് പോലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫൈന്‍ പറഞ്ഞു.ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കും റോഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കും വലിയ പിഴകളും കടുത്ത നിയമ നടപടികളും നിഷ്‌കര്‍ഷിക്കുന്ന പുതിയ ഫെഡറല്‍ ട്രാഫിക് നിയമം ജൂലൈ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്.യുഎഇയിലെ നിലവിലെ റോഡ് മരണ നിരക്കായ ഒരു ലക്ഷത്തില്‍ ആറ് പേര്‍ എന്നത് 2021-ഓടെ ലക്ഷത്തില്‍ മൂന്ന് പേര് എന്ന തോതിലേക്ക് കുറച്ചുകൊണ്ടുവരണമെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിനോട് യുഎഇ ഉപപ്രധാനന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ് യാന്റെ ഉത്തരവുണ്ടെന്നും കൗണ്‍സില്‍ തലവന്‍ കൂടിയായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് പറഞ്ഞു.