റിയാദ്- വിദേശികൾക്ക് എയ്ഡ്‌സ് രോഗ ബാധ സ്ഥിരീകരിച്ചാൽ അവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ആരോഗ്യ ഡയറക്ടറേറ്റിനെ അറിയിക്കുകയും ശേഷം നാടുകടത്തുകയും വേണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾക്ക് അംഗീകാരമായി. എയ്ഡ്‌സ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ നാഷണൽ എയ്ഡ്‌സ് പ്രോഗ്രാമുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലെ പരിഷ്‌കാരത്തിന് ആരോഗ്യമന്ത്രാലയമാണ് അംഗീകാരം നൽകിയത്.
തൊഴിൽ, താമസ വിസകളിൽ എത്തുന്നവർ അവരുടെ നാട്ടിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജറാക്കണം. എന്നാൽ ഹജ്, ഉംറ, ഔദ്യോഗിക പരിപാടികൾ എന്നിവക്കായി എത്തുന്നവർക്ക് ഈ നിബന്ധനയില്ല. വിദേശികൾ അവരുടെ നാട്ടിൽ നിന്നെത്തിയാൽ ഒരു മാസത്തിനകം തന്നെ വൈറസ് പരിശോധന നടത്തണം. എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചാൽ രോഗ ബാധ തടയുന്നതിന്റെ ഭാഗമായി അവരെ പ്രത്യേക റൂമിലേക്ക് മാറ്റണം. ശേഷം അവരുടെ പാസ്‌പോർട്ട് ഭാഷയിൽ റിപ്പോർട്ട് തയ്യാറാക്കി ആരോഗ്യ വകുപ്പിനും ഗവർണറേറ്റിനും കൈമാറണം. എയ്ഡ്‌സ് രോഗികളെ സൈനിക മേഖലയിലോ ബാർബർ, കൊമ്പുവെക്കൽ, മസാജ് പാർലർ ജോലികളിലോ കുട്ടികളെ പരിപാലിക്കുന്ന ജോലികളിലോ നിയമിക്കരുത്.
ജയിലിലുള്ളവർക്ക് രോഗം സ്ഥിരീകരിച്ചാൽ ജയിൽ വിഭാഗം ആരോഗ്യ വിഭാഗത്തെ അറിയിച്ച് മറ്റുള്ളവരിൽ നിന്ന് അവരെ മാറ്റി നിർത്തണം. എന്നാൽ അതോടൊപ്പം ചികിത്സയും നൽകണം. രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവർ ചികിത്സക്ക് തയ്യാറാവാതെ മറ്റുള്ളവരുമായി ഇടകലർന്ന് പെരുമാറുകയാണെങ്കിൽ ഗവർണറേറ്റിനെ അറിയിച്ച് നടപടികൾ സ്വീകരിക്കണം. കുട്ടികൾക്കാണെങ്കിൽ അവരുടെ വിദ്യാഭ്യാസത്തിനും അനുയോജ്യ രീതികൾ കണ്ടെത്തണം. രോഗ ബാധിതനായത് കാരണം വിദ്യാഭ്യാസം തടയാനാവില്ല.
രോഗികൾക്കാവശ്യമായ ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയ, അനസ്‌തേഷ്യ, പല്ലുകളുമായി ബന്ധപ്പെട്ട ചികിത്സ തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ നിഷേധിക്കാനും ആതുരസേവകർക്കാവില്ല. ആരുടെയെങ്കിലും രക്തപരിശോധയിൽ എയ്ഡ്‌സ് രോഗ ബാധ സംശയമുണ്ടായാൽ സാമ്പിൾ രഹസ്യമായി അംഗീകൃത ലാബുകളിലേക്ക് അയക്കണം. സ്ഥിരീകരിച്ചാൽ 24 മണിക്കൂറിനകം നാഷണൽ എയ്ഡ്‌സ് സമിതിയെ അറിയിക്കണം.
ഗർഭിണികളെയും എയ്ഡ്‌സ് പരിശോധനക്ക് വിധേയമാക്കി അവരുടെ മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തണം. രോഗം സ്ഥിരീകരിച്ചാലും ചികിത്സ തുടരണം. രോഗബാധിതരെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല. രോഗം മനപ്പൂർവം മറ്റുളളവരിലേക്ക് പടരാൻ ഇടയാക്കിയാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും നിയമനടപടി സ്വീകരിക്കാനും തൊഴിലുടമക്ക് അവകാശമുണ്ടാകുമെന്നും വ്യവസ്ഥയിലുണ്ട്.