മലപ്പുറം- അയോധ്യ സംബന്ധിച്ച് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയുടെ അന്തസ്സത്ത ഉൾക്കൊള്ളണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി ആവശ്യപ്പെട്ടു. നമ്മുടെ മാതൃരാജ്യത്തിന്റെ ഒരുമയും സമാധാനവും ഉയർത്തിപ്പിടിക്കുന്ന ഉത്തമ പൗരന്മാരെന്ന നിലയിൽ വിവേകത്തോടെ കാര്യങ്ങളെ വിലയിരുത്തുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ട നിർണായക ഘട്ടമാണിത്. മഹല്ലുകളിലും മദ്റസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും നടക്കുന്ന നബിദിന പരിപാടികളിൽ നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയെക്കുറിച്ചും വിവിധ സമൂഹങ്ങൾക്കിടയിലുണ്ടാവേണ്ട ഐക്യത്തെപ്പറ്റിയും പ്രവാചക സന്ദേശത്തിന്റെ വെളിച്ചത്തിൽ ഊന്നിപ്പറയണം. ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, നാടിനും സമൂഹത്തിനും ഗുണകരമാകുന്ന സൃഷ്ടിപരമായ കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുക്കേണ്ട സമയമാണിത്. അവസാനമില്ലാത്ത വിവാദങ്ങളും സംഘർഷങ്ങളും ഉത്തമ സമൂഹമെന്ന നിലയിലുള്ള വളർച്ചക്കും നമ്മുടെയും വരും തലമുറയുടെയും നിലനിൽപ്പിന് തന്നെയും ഭീഷണിയുയർത്തുന്നതാണ്. വിവേകവും വകതിരിവുമാണ് വിശ്വാസിയുടെ അടയാളം. നന്മക്കായുള്ള നിരന്തരപ്രയത്നവും പ്രാർത്ഥനയുമാണ് വിശ്വാസിയുടെ ശക്തിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.