കോഴിക്കോട്- ബാബരി മസ്ജിദ് ഭൂമി തർക്ക കേസിലെ സുപ്രീം കോടതി വിധി ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദം തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു.
ഇന്ത്യൻ നീതിവ്യവസ്ഥയിൽ വിശ്വസിക്കുന്നവർക്ക് തൃപ്തി നൽകുന്ന ഒന്നല്ല സുപ്രീം കോടതി വിധി. ബൃഹത്തായ ഭരണഘടനയും നീതിന്യായ സംവിധാനവുമുള്ള രാജ്യമാണ് ഇന്ത്യ. ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു വിധി എന്ന നിലക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് വലിയ വീണ്ടുവിചാരങ്ങൾക്ക് വഴിയൊരുക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
വൈകാരിക തലങ്ങളുള്ള ഒരു വിഷയമെന്ന നിലക്ക് ജനാധിപത്യപരവും നിയമപരവുമായ സമീപനങ്ങളാണ് പൊതുസമൂഹം സ്വീകരിക്കേണ്ടത്. എന്നാൽ, വിവിധ വിഭാഗങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതോ സമാധാനാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതോ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതോ ആയ നിലപാടുകൾ ഉണ്ടാവാതിരിക്കാൻ എല്ലാ വിഭാഗവും ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.