Sorry, you need to enable JavaScript to visit this website.

കോടതി വിധി സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സഹായിക്കുന്നത് -എസ്.ഡി.പി.ഐ

കോഴിക്കോട്- സംഘ്പരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാത്രം സഹായിക്കുന്ന തരത്തിൽ രാമക്ഷേത്രം നിർമിക്കാൻ ബാബരി ഭൂമി ദില്ലിയിലെ ഹിന്ദുത്വ ഭരണകൂടത്തിന് നൽകിയ സുപ്രീം കോടതി വിധി ഞെട്ടലുളവാക്കിയെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി വാർത്താ കുറിപ്പിൽ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ സുപ്രീം കോടതിയിലെ ബഹുമാന്യരായ ജഡ്ജിമാർ ഇരു കക്ഷികൾക്കും പൂർണമായ നീതി ലഭ്യമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമന്റെ വിഗ്രഹം മസ്ജിദിനുള്ളിൽ സ്ഥാപിച്ചതാണെന്ന് സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്. എന്നാൽ അതേ ശ്വാസത്തിൽ മുഴുവൻ വഖഫ് ഭൂമിയും രാം ലല്ലയ്ക്ക് നൽകിയത് സാമാന്യ നീതിയുടെ നിഷേധമാണ്. നഗരത്തിൽ എവിടെയെങ്കിലും അഞ്ച് ഏക്കർ സ്ഥലം നൽകുന്നത് കേവലം ആളുകളെ സമാധാനിപ്പിക്കുന്നതിനുള്ള നടപടി മാത്രമാണ്.
ഭരണഘടനയുടെ പ്രയോഗവൽക്കരണം ജാതി, മതം എന്നിവ നോക്കാതെ തുല്യതയുടെയും നീതിയുടെയും അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഉരക്കല്ലാണ് ബാബരി മസ്ജിദ് പ്രശ്‌നം. നിർഭാഗ്യവശാൽ നിയമനിർമാണ സഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് ശാഖകളും ഒന്നോ അല്ലെങ്കിൽ മറ്റൊന്നോ പരാജയപ്പെട്ടു. വേദനാജനകമായ ഈ വിധി സുപ്രീം കോടതിയുടെ സമഗ്രതയെക്കുറിച്ച് ചിന്തിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരിൽ ഭയവും നിരാശയും സൃഷ്ടിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് രാജ്യത്തിന്റെ മതേതരവും ജനാധിപത്യപരവുമായ ഘടനയെ ദുർബലപ്പെടുത്താൻ ഇടയാക്കും. അനീതി തിരുത്താനും രാജ്യത്തിന്റെ പരമോന്നത കോടതിയിൽ വിശ്വാസം പുനഃസ്ഥാപിക്കാനും കൂടുതൽ നിയമപരമായ വഴികൾ അന്വേഷിക്കാൻ എസ്.ഡി.പി.ഐ മുസ്‌ലിം സംഘടനകളോട് അഭ്യർത്ഥിച്ചു.

Latest News