മസ്‌കത്- രാജ്യത്തേക്ക് കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മേഖലയെ പരിപോഷിപ്പിക്കാന്‍ ഒമാന്‍ ഇ-വീസ സേവനം അവതരിപ്പിച്ചു. ചൈന, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 67 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. പ്രത്യേക പട്ടികയിലുള്‍പ്പെട്ട 116 പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന ജി സി സി രാജ്യങ്ങളില്‍ താമസ വിസയുള്ള വിദേശികള്‍ക്കും ആദ്യഘട്ടത്തില്‍ ഈ സേവനം ലഭിക്കും.
www.evisa.rop.gov.om എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഇ-വിസയ്ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യണം. ഒമാന്‍ ഔദ്യോഗികമായി അംഗീകരിച്ച ആഗോള പേമെന്റ് ഗെയ്റ്റ് വേകളിലൂടെ മാത്രമെ പണം അടക്കാവൂ. അപേക്ഷകര്‍ക്കുള്ള എല്ലാ അറിയിപ്പുകളും ഇ മെയ്‌ലായി ലഭിക്കും.
ഒമാനിലെ ടൂറിസം രംഗത്തെ തുടര്‍ച്ചയായി വളര്‍ച്ചയുടെ പാതയില്‍ നയിക്കാനാണ് ഈ ഇ-വിസ സംവിധാനമെങ്കിലും നിക്ഷേപകര്‍, ബിസിനസുകാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ഈ ലളിതമായ വിസ നടപടി ഉപയോഗപ്പെടുത്താം. 30 ലക്ഷം ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ഇത് 40 ലക്ഷത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ടൂറിസം പ്രൊമോന്‍ ഡയറക്ടര്‍ ജനറല്‍ സാലിം ആദി അല്‍ മമാറി പറഞ്ഞു.