കണ്ണൂർ- മൺസൂൺ ഭാഗ്യക്കുറിയുടെ അഞ്ച് കോടിയുടെ സമ്മാനാർഹനെ ചൊല്ലിയുള്ള പരാതിക്കു പിന്നിൽ ലോട്ടറി മാഫിയയെന്ന് സൂചന. പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സമ്മാനാർഹനായ പറശ്ശിനിക്കടവിലെ അജിതൻ ഹാജരാക്കിയ ടിക്കറ്റ് പോലീസ് സംഘം പരിശോധിച്ചു.
മൺസൂൺ ഭാഗ്യക്കുറിയുടെ സമ്മാനാർഹമായ ടിക്കറ്റ് താനാണ് എടുത്തതെന്നും പിന്നീടിത് നഷ്ടപ്പെട്ടുവെന്നും കാണിച്ച് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ മുനിയനാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് എടുത്ത ടിക്കറ്റ്, പിന്നീട് ക്ഷേത്രത്തിൽ എത്തിയപ്പോൾ നഷ്ടപ്പെട്ടുവെന്നും ടിക്കറ്റിന് പിന്നിൽ താൻ പേരെഴുതി ഒപ്പിട്ടിട്ടുണ്ടായിരുന്നുവെന്നും മുനിയൻ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും സമ്മാനത്തുക അജിതന് നൽകുന്നത് മരവിപ്പിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ട്രേറ്റിൽ എത്തി സമ്മാനാർഹമായ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് മുനിയന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. അജിതൻ ഹാജരാക്കിയ ടിക്കറ്റിൽ അജിതന്റെ പേരും ഒപ്പും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്തെങ്കിലും തരത്തിൽ തിരുത്തലുകൾ നടത്തിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായവും തേടി. ലോട്ടറി വകുപ്പു തന്നെ ഇത് സംബന്ധിച്ച് വിശദ പരിശോധന നടത്തിയിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിനാൽ ടിക്കറ്റ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. കോടതിയുടെ നേതൃത്വത്തിൽ ടിക്കറ്റ് ലാബിലയച്ച് പരിശോധിക്കും.
തനിക്കെതിരെയുള്ള പരാതിക്കു പിറകിൽ ലോട്ടറി മാഫിയയാണെന്ന് അജിതൻ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. കോടികൾ സമ്മാനം നേടിയവരെ സമീപിച്ച് പണം തട്ടുന്ന സംഘമാണോ മുനിയന്റെ പരാതിക്ക് പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നു.