പാലക്കാട്- വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് പരിഹാസ്യമായ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പറയാനായി മരിച്ച കുട്ടികളുടെ കുടുംബത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വാളയാർ അട്ടപ്പള്ളത്ത് മരിച്ച കുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് നിയമ തടസ്സമൊന്നുമില്ലെന്നും സി.പി.എമ്മും മുഖ്യമന്ത്രിയും മനസ്സു വെച്ചാൽ അത് എളുപ്പം നടക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പെൺകുട്ടികളുടെ കുടുംബത്തിന് കോൺഗ്രസ് നിയമസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്നത് മുഴുവൻ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. സംസ്ഥാന സർക്കാരും സി.പി.എമ്മും വിചാരിക്കുകയാണെങ്കിൽ സി. ബി.ഐ അന്വേഷണത്തിന് നിയമതടസ്സമൊന്നുമില്ല. ആദ്യ പെൺകുട്ടിയുടെ മരണത്തിൽ കൊലപാതക സാധ്യത അന്വേഷിക്കാത്ത സാഹചര്യത്തിൽ ഈ കേസിൽ വീണ്ടും മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചാൽ കേസെടുക്കാനാവും. അതിനുള്ള മനസ്സ് കാണിക്കുമോ എന്നതാണ് ചോദ്യം. ഇരുമരണങ്ങളിലും ഭാഗികമായ അന്വേഷണമേ പോലീസ് നടത്തിയിട്ടുള്ളൂ. സർക്കാരും അതിനു നേതൃത്വം നൽകുന്ന പാർട്ടിയും പ്രതികളുടെ താൽപര്യമാണ് സംരക്ഷിച്ചത് എന്നത് വ്യക്തമാണ്.
മരിച്ച പെൺകുട്ടികളുടെ കുടുംബത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി മുഖ്യമന്ത്രി നടത്തിയ നാടകം ക്രൂരമായി. കേസിന് പോകാനാണ് നിസ്സഹായയായ അമ്മയോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതു പറയാനായിരുന്നെങ്കിൽ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി കഷ്ടപ്പെടുത്തേണ്ടായിരുന്നു. മാതാപിതാക്കളെ കാണാൻ അദ്ദേഹം വാളയാറിലേക്ക് വരികയാണ് വേണ്ടിയിരുന്നത് - ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ കുടുംബത്തിനാവശ്യമായ നിയമസഹായം കോൺഗ്രസ് നൽകുമെന്നും അതിനായി ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, വി.എസ്. വിജയരാഘവൻ, ദീപ്തി മേരി വർഗീസ് എന്നിവരും രമേശ് ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.