തിരുവനന്തപുരം- ചോദ്യോത്തരവേളയിൽ ചോദ്യങ്ങൾ നീട്ടാനും, ഒന്നിനു പകരം രണ്ടും മൂന്നും ചോദ്യം ചോദിക്കാനും, അംഗങ്ങൾ പ്രയോഗിക്കുന്ന തന്ത്രം സ്പീക്കർ ശ്രീരാമകൃഷ്ണന്റെ 'റഡാറി'ൽ പതിഞ്ഞു. ലീഗ് അംഗം എൻ.ഷംസുദ്ദീന്റെ 'ഭാഷാ തന്ത്ര'മാണ് സ്പീക്കർ കൈയോടെ പിടിച്ചത്. 'അതോടൊപ്പം' എന്ന് വാചകത്തിനൊപ്പം ചേർത്താൽ സംഗതി എത്രയുമങ്ങ് നീട്ടാം. പത്രം ഓഫീസിലെ പ്രൂഫ് വായനക്കാരന്റെ മനഃസാന്നിധ്യത്തോടെ അംഗങ്ങളുടെ വാക്കും വർത്തമാനവും ശ്രദ്ധിക്കുന്നയാളായതിനാൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ചെവിയിലെത്താതെ ഇത്തരം ഇരട്ടിപ്പുകളൊന്നും ഇനി രക്ഷപ്പെടുന്ന പ്രശ്‌നമില്ല. കെ.എസ്.ആർ.ടി.സി ബസിലെ വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനൊപ്പം ഷംസുദ്ദീൻ 'അതോടൊപ്പം' ചേർത്തപ്പോഴായിരുന്നു സ്പീക്കറിന്റെ ഇടപെടൽ. 'അതോടൊപ്പമാണ് കുഴപ്പം. അതോടൊപ്പം ചേർത്ത് അടുത്ത ചോദ്യം വേണ്ട. ഒരു ചോദ്യം മതി.'
സി.പി.എമ്മിന്റെ സ്റ്റാർ മെമ്പറാണ് എം.സ്വരാജ്. ചോദ്യോത്തര വേളയിൽ കെ.എസ്.ആർ.ടി.സി വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ മറുപടിക്ക് അത്ര ശക്തി പോരെന്ന് സ്വരാജിനൊരു തോന്നൽ. അംഗം അതങ്ങ് പറയുകയും ചെയ്തു. മന്ത്രി ഏത് സ്പിരിറ്റിലാണ് അതെടുത്തതെന്നറിയില്ല, ഇത്തിരി രൂക്ഷമായാണ് മുന്നണിയിലെ ചെറുകക്ഷിയുടെ മന്ത്രി മുഖ്യ കക്ഷി അംഗത്തിന്റെ ചോദ്യത്തിന് മറുപടി നൽകിയത്. 'മന്ത്രിക്ക് ശക്തി പോരാത്തതൊന്നുമല്ല പ്രശ്‌നം. ശക്തി ആവശ്യമായ സ്ഥലത്ത് പ്രയോഗിച്ചിട്ടേ കാര്യമുള്ളു. എല്ലാ സ്ഥലത്തും ശക്തി തെളിയിക്കാൻ പോയാൽ വിഷമിച്ചു പോകും' എന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ എം.സ്വരാജിനോട് പറഞ്ഞത് എന്തർഥത്തിലാണെന്നാർക്കറിയാം.
വർഷങ്ങളായി കേരളത്തിന്റെ ജീവിത പരിസരത്ത് കളി ചിരികളുമായി നിറഞ്ഞു നിൽക്കുന്ന സന്തോഷ കേന്ദ്രങ്ങളാണ് അങ്കണവാടികൾ. അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ നിഷ്‌ക്കളങ്ക മുഖവും ടീച്ചർമാരുടെ മാതൃഭാവവുമെല്ലാം കോൺഗ്രസിലെ കെ.എസ്.ശബരീനാഥ് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിൽ നിറഞ്ഞുനിന്നു. പുതിയ കാലത്ത് ആളുകൾ കുഞ്ഞുങ്ങളെ അങ്കണവാടികൾക്ക് പകരം പ്രീ പ്രൈമറി സ്ഥാപനങ്ങളിലേക്കാണ് അയക്കുന്നത്. ഇത് ഒരു കാരണവശാലും ശാസ്ത്രീയമല്ലെന്നാണ് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച ശബരീനാഥൻ സമർഥിച്ചത്. മന്ത്രി കെ.കെ.ശൈലജക്കാകട്ടെ കോൺഗ്രസ് അംഗത്തിന്റെ ഇടപെടലിൽ നിറഞ്ഞ സന്തോഷം. അങ്കണവാടികൾ ഉപയോഗിക്കാത്തത് കാരണം വളർന്നു വരുന്ന കുരുന്നുകളുടെ പോഷകാഹാരം, ആരോഗ്യ പ്രശ്‌നങ്ങൾ, സ്വഭാവ രൂപീകരണം എന്നിവയിലെല്ലാമുള്ള ശ്രദ്ധയാണ് ഇല്ലാതായി പോകുന്നത്. അങ്കണവാടികളിലേക്ക് കുരുന്നുകൾ ആകർഷിക്കപ്പെടാൻ സർക്കാർ സ്വീകരിക്കാൻ പോകുന്ന നടപടികൾ മന്ത്രി വിശദമായി വിവരിച്ചു. അങ്കണവാടിയിലെത്തേണ്ട കുരുന്നുകൾ പ്രൈമറി സ്‌കൂളിലേക്ക് പോകുന്ന സ്ഥിതി ഒഴിവാക്കുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തെയും, കർണാടകയെയും ബന്ധിപ്പിക്കുന്ന എൻ.എച്ച് 766 ലെ രാത്രി കാല യാത്രാ നിരോധത്തിനെതിരെ മന്ത്രി എ.കെ.ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം സഭ എതിരില്ലാതെ പാസാക്കി. ഇന്ത്യയിലെ അമ്പതോളം കടുവ സങ്കേതങ്ങളിലൊന്നും കൊണ്ടുവരാത്ത നിയന്ത്രണം ഇവിടെ മാത്രം നടപ്പാക്കിയത് തികഞ്ഞ ജനദ്രോഹവും വിവേചനവുമാണെന്ന പ്രമേയത്തിലെ വരികൾ സഭയുടെ പൊതു വികാരമായി. കോൺഗ്രസിലെ ഐ.സി.ബാലകൃഷ്ണൻ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന യാത്രാപ്രശ്‌നത്തിൽ കഴിഞ്ഞ ദിവസം മേഖലയിൽ വലിയ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡം കേന്ദ്ര തലത്തിൽ നിശ്ചയിക്കുന്നതിനെതിരെയുള്ള എതിർപ്പിലും സഭ ഒന്നിച്ചു നിന്നു. ജനതദളിലെ മാത്യു ടി.തോമസ് ഇക്കാര്യത്തിൽ അവതരിപ്പിച്ച പ്രമേയത്തെ ഇ.കെ.വിജയൻ (സി.പി.ഐ), ടി.വി.ഇബ്രാഹിം (ലീഗ്) സി.കെ.ഹരീന്ദ്രൻ (സി.പി.എം) വി.പി.സജീന്ദ്രൻ (കോൺഗ്രസ്) എന്നിവർ പക്ഷം മറന്ന് അനുകൂലിച്ചു.
വാറ്റ് നികുതി കുടിശ്ശിക വിഷയത്തിൽ കച്ചവടക്കാർക്ക് ലഭിച്ച നോട്ടീസായിരുന്നു അടിയന്തര പ്രമേയമായി എത്തിയത്. ധനകാര്യ മന്ത്രി വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറിയപ്പോൾ പ്രതിപക്ഷം ഉന്നയിച്ച സംശയം പ്രസക്തമായി. 'ധനകാര്യ മന്ത്രി തോമസ് ഐസക്കിന് വകുപ്പിലുള്ള നിയന്ത്രണമെല്ലാം നഷ്ടമായോ?'