Sorry, you need to enable JavaScript to visit this website.

ആഗോള സമൂഹത്തെ ഇറാൻ കബളിപ്പിക്കുന്നു - സൗദി അറേബ്യ 

റിയാദ് - ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ആഗോള സമൂഹത്തെ ഇറാൻ കബളിപ്പിക്കുകയാണെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. അന്താരാഷട്ര ആണവോർജ ഏജൻസി നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായി സൗദി വ്യക്തമാക്കി.

ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് ഓഫ് ഗവർണേഴ്‌സ് സെഷനിൽ ഓസ്ട്രിയയിലെ സൗദി അംബാസഡറും വിയന്നയിൽ യു.എൻ, അന്താരാഷ്ട്ര സംഘടനകളിലെ സൗദി സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരനാണ് ഇക്കാര്യം  പറഞ്ഞത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി പരിശോധകർ ഉയർന്ന പ്രൊഫഷനിലസത്തോടെയും സുതാര്യതയോടെയും പ്രവർത്തിക്കുന്നതിനെ സൗദി അറേബ്യ പ്രശംസിക്കുന്നു. 


മതിയായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ ഇറാന്റെ ഭാഗത്ത് കാലതാമസമുണ്ടായതായി ഇറാൻ ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്താരാഷട്ര ആണവോർജ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറാൻ പരസ്യപ്പെടുത്താത്ത ആണവ കേന്ദ്രത്തിൽനിന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനകളിൽ ആണവ പദാർഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അന്താരാഷട്ര ആണവോർജ ഏജൻസി പരിശോധകരുടെ സന്ദർശനത്തിനു മുമ്പായി ഇവിടം ഇറാൻ അധികൃതർ ശുദ്ധീകരിക്കുകയായിരുന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്. പരിശോധനാ റിപ്പോർട്ടിന് നിരക്കുന്ന യുക്തിസഹമായ വിശദീകരണങ്ങൾ നൽകുന്നതിന് 11 മാസമായിട്ടും ഇറാന് സാധിച്ചിട്ടില്ല. ഈ ശൈലി ഇറാൻ പിന്തുടരുന്നതിനെ സൗദി അപലപിക്കുന്നു. ഇത്തരമൊരു ശൈലി ഇറാൻ പിന്തുടരുന്നതിൽ ആശ്ചര്യമില്ല. ഇറാന്റെ ചരിത്രം കബളിപ്പിക്കലുകളും ചതികളും നിറഞ്ഞതാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന ഭാഗങ്ങൾ ഇറാൻ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതി സമാധാനപരമല്ല എന്നും ആണവായുധം സ്വന്തമാക്കുന്നതിനാണ് ഇറാൻ ആഗ്രഹിക്കുന്നത് എന്നുമാണ് ഇത് സംശയലേശമന്യേ വ്യക്തമാക്കുന്നത്.  


ഇറാൻ കസ്റ്റഡിയിലെടുത്ത അന്താരാഷ്ട്ര ആണവോർജ ഏജൻസി പരിശോധക വിയന്നയിലെ ഏജൻസി ആസ്ഥാനത്ത് എത്തിയത് ആഹ്ലാദകരമാണ്. അന്താരാഷ്ട്ര കരാറുകൾ പ്രകാരം പ്രത്യേക പരിരക്ഷയുള്ള ആളുകളെ ഇറാൻ അധികൃതർ മോശം രീതിയിൽ കൈകകാര്യം ചെയ്യുന്ന പ്രശ്‌നത്തിൽ കർക്കശ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലും തുടരാൻ ഇറാന് പ്രചോദനമാകും. ഇത്തരം നിയമ ലംഘനങ്ങളും അന്താരാഷ്ട്ര ചാർട്ടറുകളോടും കരാറുകളോടുള്ള അവമതിയും നിറഞ്ഞതാണ് ഇറാന്റെ ചരിത്രം. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി പൂർണ തോതിൽ സഹകരിക്കുന്നതിനും, ആവശ്യപ്പെടുന്ന വിവരങ്ങൾ കാലതാമസമില്ലാതെ കൈമാറുന്നതിനും, അന്താരാഷ്ട്ര ആണവോർജ ഏജൻസി പരിശോധകർക്കുള്ള പരിരക്ഷ മാനിക്കുന്നതിനും, പരിശോധകർക്ക് ഭംഗിയായി പ്രവർത്തിക്കുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനും ഇറാനോട് ആവശ്യപ്പെടണം. ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനും പരസ്യപ്പെടുത്താത്ത സ്ഥലങ്ങൾ കണ്ടെത്തുന്നതിനും അന്താരാഷ്ട്ര ആണവോർജ ഏജൻസി പരിശോധനയും അന്വേഷണവും ഊർജിതമാക്കണം. പരസ്യപ്പെടുത്താത്ത കേന്ദ്രങ്ങൾ ആണവ പദ്ധതിക്ക് ഇറാൻ ഉപയോഗപ്പെടുത്തുന്നുണ്ടാകും. മേഖലാ രാജ്യങ്ങളോടും ലോക രാജ്യങ്ങളോടും ശത്രുതാ രാഷ്ട്രീയം പിന്തുടരുന്ന ഇറാൻ മേഖലയിലും ലോകത്തും ആധിപത്യവും സ്വാധീനവും വിപുലീകരിക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും സൗദി പ്രതിനിധി പറഞ്ഞു. 

Latest News