റിയാദ് - ബാലനെ അടിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത നഴ്‌സറി സ്‌കൂൾ ജീവനക്കാരിക്കെതിരെ കേസ് നൽകാൻ പബ്ലിക് പ്രോസിക്യൂഷൻ നിർദേശിച്ചു. നഴ്‌സറി സ്‌കൂൾ ജീവനക്കാരി ബാലനോട് മോശമായും പരുഷമായും പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത് പബ്ലിക് പ്രോസിക്യൂഷന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലിപ്പിംഗുകളുടെ നിജസ്ഥിതിയിൽ അന്വേഷണം നടത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്.
കുട്ടിയെ നഴ്‌സറി സ്‌കൂൾ ജീവനക്കാരി ദിവസേന അടിക്കാറുണ്ടെന്ന് ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരി ഫോണിൽ ബന്ധപ്പെട്ട് തന്നെ അറിയിക്കുകയായിരുന്നെന്ന് മർദ്ദനമേറ്റ മുഹമ്മദ് ഖാലിദ് നൂറിന്റെ മാതാവ് പറഞ്ഞു. ഈ ജീവനക്കാരിയാണ് തന്റെ മകനെ അടിക്കുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ നൽകിയത്. റിയാദിൽ പ്രവർത്തിക്കുന്ന ഈ നഴ്‌സറിക്ക് ലൈസൻസില്ല. നഴ്‌സറി ജീവനക്കാരിക്കും സ്ഥാപനത്തിനുമെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. സ്ഥാപന ഉടമ സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ ക്ലോസ് ചെയ്യുകയും പരസ്യങ്ങൾ എല്ലായിടത്തു നിന്നും നീക്കം ചെയ്തിട്ടുമുണ്ട്.
ബാലനെ ഉപദ്രവിച്ച നഴ്‌സറി ജീവനക്കാരിയെയും നഴ്‌സറിയും കണ്ടെത്തുന്നതിനും നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സാമൂഹിക സുരക്ഷാ വിഭാഗം നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. നഴ്‌സറി ജീവനക്കാരി ബാലനെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. കുറ്റക്കാരിക്കെതിരെ ബാലാവകാശ സംരക്ഷണ നിയമം അനുസരിച്ച ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.