കൊച്ചി - വിദേശ മുതലാളിത്തത്തിനും അംബാനിയും അദാനിയും പോലുള്ള വൻകിട കോർപറേറ്റുകൾക്ക് അനുകൂലമായ ബിജെപി സർക്കാരിന്റെ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനും പിന്നോട്ടടിക്കും കാരണമായതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. തീവ്രഹിന്ദുത്വത്തിലൂന്നിയ പരിപാടികളിലൂടെ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കിയാണ് ഇത്തരം ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും ചേർന്നു സംഘടിപ്പിച്ച ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രകാശ് കാരാട്ട്.
സാമ്പത്തിക മാന്ദ്യം മറികടക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ കോർപറേറ്റ് നികുതി എട്ട് ശതമാനം കുറച്ചു. അതുമൂലം രാജ്യത്തിന്1.45 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടായതല്ലാതെ നേട്ടമുണ്ടായില്ല. മറ്റൊന്ന്, റെയിൽവെയുടെയും വിമാനത്താവളങ്ങളുടെയും എണ്ണക്കമ്പനിയായ ബിപിസിഎലിന്റെയും സ്വകാര്യവൽക്കരണമാണ്. വരുമാനം കുറയുന്നതു മൂലയമുണ്ടായ ധനക്കമ്മി കുറയ്ക്കാൻ കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗങ്ങളിലൊന്നാണിത്. എന്നാൽ ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും വർധിപ്പിക്കാനുള്ള നപടികളൊന്നുമുണ്ടാകുന്നില്ല.
വൻകിട മൂലധന ശക്തികളുമായി ചേർന്നുള്ള ഭരണത്തിലൂടെ ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ് ലക്ഷ്യം.
കശ്മീരിനെ രണ്ടാക്കിയത് രാജ്യത്ത് മുസ്‌ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ദേശീയ പൗരത്വ രജിസ്റ്റർ മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി രാജ്യത്തിന് പുറത്താക്കാൻ ലക്ഷ്യമിടുന്നു.
അസമിൽ നടപ്പാക്കിയ പദ്ധതി അടുത്തവർഷം നടക്കുന്ന വിവരശേഖരണത്തിലൂടെ രാജ്യവ്യാപകമാകും. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വമനുവദിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്ന നിർദ്ദേശങ്ങളാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. മുസ്‌ലിം വിരോധത്തിന്റെ പേരിലാണ് ദേശീയ സ്വാതന്ത്രസമരത്തിൽ നിന്ന് വിട്ടുനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകരായി ആർഎസ്എസുകാർ മാറിയതെന്നും ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും.
ജനദ്രോഹപരവും ദേശവിരുദ്ധവുമായ സാമ്പത്തിക നയങ്ങൾക്കും ഹിന്ദുത്വ അജണ്ടക്കുമെതിരായ പോരാട്ടത്തിൽ നേതൃത്വപരമായ പങ്കാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. നൂറുവയസു പിന്നിടുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സഹനത്തിന്റെയും നിരന്തര പോരാട്ടത്തിന്റെയുമാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളാണ് പലഭാഗത്തും നടക്കുന്നതെന്നും അത് കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകലാണ് കമ്യൂണിസ്റ്റ് പാർട്ടിയൂടെ കടമയെന്നും പ്രകാശ്കാരാട്ട് പറഞ്ഞു.
ഗംഗോത്രി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റംഗം പി രാജീവ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പങ്കെടുത്തു. സി എം ദിനേശ്മണി സ്വാഗതവും പി എൻ സീനുലാൽ നന്ദിയും പറഞ്ഞു.