Sorry, you need to enable JavaScript to visit this website.

ശിഖർ ഷോ

ശിഖറിന് 190, പൂജാര 144*, ഇന്ത്യ 3-399
ഗാൾ - ഇരട്ട ഭാഗ്യമാണ് ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഇന്നിംഗ്‌സ് ഓപൺ ചെയ്യാൻ ശിഖർ ധവാന് വഴിയൊരുക്കിയത്. മുരളി വിജയ്‌യുടെ പരിക്ക് ഭേദമാവാതിരുന്നതോടെ റിസർവ് ഓപണറായി ടീമിലേക്ക് വിളിക്കപ്പെട്ടു. കെ.എൽ രാഹുലിന് പനി ബാധിച്ചതോടെ പ്ലേയിംഗ് ഇലവനിലേക്ക് വഴിതുറന്നു. ഇരുകൈകളും നീട്ടി ഇരട്ട ഭാഗ്യം ഇടങ്കൈയൻ സ്വീകരിച്ചു. പരമ്പരയുടെ ആദ്യ ദിനം അപൂർവമായി കാണുന്ന ആധികാരികതയോടെ ശിഖർ അടിച്ചു തകർത്തപ്പോൾ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ കുതിച്ചത് മൂന്നിന് 399 ലേക്ക്. 168 പന്തിൽ 190 ലെത്തിയ ശിഖർ എളുപ്പം ഇരട്ട സെഞ്ചുറിയിലെത്താനുള്ള ആവേശത്താൽ വിക്കറ്റ് വലിച്ചെറിഞ്ഞെങ്കിലും ചേതേശ്വർ പൂജാര (144 നോട്ടൗട്ട്) ക്രീസിലുണ്ട്. അജിൻക്യ രഹാനെയുമൊത്തുള്ള (39) അഭേദ്യമായ നാലാം വിക്കറ്റിൽ ഇതുവരെ 133 റൺസ് പിറന്നു. 
ഇന്ത്യൻ ടെസ്റ്റ് ടീം ആദ്യമായാണ് പരമ്പരയുടെ ആദ്യ ദിനം ഇതുപോലെ അടിച്ചു തകർക്കുന്നത്. ബാറ്റിംഗ് പറുദീസയായ ഗാൾ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൻ കിട്ടിയ അവസരം സന്ദർശകർ പാഴാക്കിയില്ല. രോഹിത് ശർമക്കു പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കിയാണ് ഇന്ത്യ കളിക്കുന്നത്. ഒരു ബാറ്റ്‌സ്മാൻ കുറവാണ് എന്നതൊന്നും ടീമിനെ ബാധിച്ചതേയില്ല. 4.4 ശരാശരിയിൽ റൺസ് വാരിയ ഇന്ത്യക്ക് മൂന്നു സെഷനിലും ഓരോ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. മൂന്നും കിട്ടിയത് പെയ്‌സ്ബൗളർ നുവാൻ പ്രദീപിനും. സിംബാബ്‌വെക്കെതിരായ ടെസ്റ്റിൽ പരിക്കു കാരണം വിട്ടുനിന്ന ശേഷം തിരിച്ചുവരികയാണ് പ്രദീപ്. 
11 ടെസ്റ്റിനു ശേഷം ടീമിൽ തിരിച്ചെത്തിയ ശിഖർ ഒരു സെഷനിൽ സെഞ്ചുറി പൂർത്തിയാക്കി. കരിയറിൽ രണ്ടാം തവണയാണ് ദൽഹിക്കാരൻ ഈ നേട്ടം കൈവരിക്കുന്നത്. അരങ്ങേറ്റത്തിൽ ഓസ്‌ട്രേലിയക്കെതിരെ 187 റൺസിലേക്ക് കുതിച്ചതിന്റെ ഓർമ പുതുക്കുന്നതായിരുന്നു ശിഖറിന്റെ ഇന്നിംഗ്‌സ്. ആ സ്‌കോർ പിന്നിട്ട ശിഖർ ചായക്ക് മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോൾ മിഡോഫിലൂടെ പന്തുയർത്താനുള്ള ശ്രമത്തിലാണ് പുറത്തായത്. അഞ്ചാം സെഞ്ചുറിയാണ് ഇത്. ശ്രീലങ്കക്കെതിരെ കഴിഞ്ഞ പര്യടനത്തിലും ഗാളിൽ സെഞ്ചുറിയടിച്ചിരുന്നു. 
ശിഖറിനെ 31 ലുള്ളപ്പോൾ പുറത്താക്കാൻ കിട്ടിയ അവസരം ശ്രീലങ്ക പാഴാക്കി. രണ്ടാം സ്ലിപ്പിൽ കിട്ടിയ അനായാസ ക്യാച്ച് അസേല ഗുണരത്‌നെ അലങ്കോലമാക്കി. അതുവഴി ഒരു കളിക്കാരനെയും ശ്രീലങ്കക്കു നഷ്ടപ്പെട്ടു. ഇടതു തള്ളവിരലിന് ക്ഷതമേറ്റ അസേല ഫീൽഡ് വിട്ടു. ഈ മത്സരം മാത്രമല്ല ടെസ്റ്റ്, ഏകദിന പരമ്പരകളും അസേലക്ക് നഷ്ടപ്പെടും. ഈ മത്സരത്തിലെ അവശേഷിച്ച ദിനങ്ങൾ പത്തു പേരുമായി ശ്രീലങ്ക കളിക്കണം. മറ്റൊരവസരവും നൽകാതിരുന്ന ശിഖർ ഉച്ചയോടെ 64 ലെത്തി. ലഞ്ചിനു ശേഷം അക്ഷരാർഥത്തിൽ വെടിക്കെട്ടൊരുക്കി, 23 ബൗണ്ടറികൾ ആ സെഷനിൽ ശിഖറിന്റെ ബാറ്റിൽനിന്ന് ഒഴുകി. ലഞ്ചിനു ശേഷം 90 പന്തിൽ 126 റൺസ് നേടി. പോളി ഉംറിഗർ 1962 ൽ വെസ്റ്റിൻഡീസിനെതിരെ ലഞ്ചിനു ശേഷം 110 റൺസും 2009 ൽ വീരേന്ദർ സെവാഗ് ശ്രീലങ്കക്കെതിരെ ചായക്കു ശേഷം 133 റൺസുമടിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ അരങ്ങേറ്റത്തിൽ ശിഖർ ഒരു സെഷനിൽ 106 റൺസ് നേടി. രംഗന ഹെറാത്ത് പ്രതിരോധ ഫീൽഡൊരുക്കിയെങ്കിലും ധവാൻ ബൗണ്ടറിയിലേക്ക് വഴി കണ്ടുകൊണ്ടിരുന്നു. 
അഭിനവ് മുകുന്ദ് (12) പുറത്തായതോടെ എട്ടാം ഓവറിൽ ശിഖറിന് കൂട്ടെത്തിയ പൂജാര ഒരവസരവും നൽകാതെയാണ് പന്ത്രണ്ടാം സെഞ്ചുറി തികച്ചത്. 247 പന്തിൽ ഒരെണ്ണം മാത്രമാണ് പൂർണ നിയന്ത്രണത്തിലല്ലാതെ പൂജാര കളിച്ചത്. ക്രീസ് വിട്ടിറങ്ങിക്കളിച്ചാണ് ഇരുവരും സ്പിന്നർമാരെ നിർവീര്യമാക്കിയത്. പൂജാര 50 തവണയും ശിഖർ 29 തവണയും ക്രീസ് വിട്ടിറങ്ങി. രണ്ടാം വിക്കറ്റിൽ 253 റൺസാണ് പിറന്നത്.
ചായക്കു തൊട്ടു മുമ്പും ശേഷവുമായി ശിഖറും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (3) പുറത്തായപ്പോൾ ശ്രീലങ്കക്ക് പ്രതീക്ഷയുയർന്നതായിരുന്നു. എന്നാൽ രഹാനെ ആ പ്രതീക്ഷയുടെ വാതിലടച്ചു. വെസ്റ്റിൻഡീസിലെ ഏകദിന പരമ്പരയിലെന്ന പോലെ തുടക്കത്തിൽതന്നെ ഹുക്ക് ചെയ്യാനുള്ള ശ്രമമാണ് കോഹ്‌ലിയുടെ പതനത്തിന് കാരണം. അമ്പയർ അപ്പീൽ അനുവദിച്ചില്ലെങ്കിലും ശ്രീലങ്ക ഡി.ആർ.എസിലൂടെ അനുകൂല വിധി നേടി. 
രണ്ടക്കത്തിലെത്താൻ രഹാനെ 40 പന്ത് നേരിട്ടതോടെ അവസാന സെഷനിൽ അൽപം റൺനിരക്ക് കുറഞ്ഞെങ്കിലും പൂജാര ആ കുറവ് നികത്തി.  
 

Latest News