മലപ്പുറം- ജില്ലയില്‍ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജുമുഅ ദിവസമായ വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേകം സംസാരിക്കണമെന്ന് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക് മുസ്ലിം സംഘടനകളോട് അഭ്യര്‍ത്ഥിച്ചു. ബാബരി കേസില്‍ സുപ്രീം കോടതി വിധി ഉടന്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണിത്. എന്നാല്‍ ഇക്കാര്യം കലക്ടര്‍ പരാമര്‍ശിച്ചിട്ടില്ല. മാതൃകാപരമായി മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയിലെ സമാധാന അന്തരീക്ഷ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ മത സംഘടനാ നേതാക്കളുടേയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പ്രത്യേക യോഗം കലക്ടര്‍ വിളിച്ചു ചേര്‍ത്തു. എല്ലാ സംഘടനകളും ജില്ലാ ഭരണകൂടത്തിന് പുന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മലിക് പറഞ്ഞു.
യാഥാര്‍ത്ഥ്യമല്ലാത്തതോ പ്രകോപനപരമായിട്ടുള്ളതോ ആയ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പ്പിക്കുമെന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്നതിനും IT നിയമം അനുസരിച്ച് സൈബര്‍ പോലീസ് മുഖേന കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
അടുത്ത രണ്ട് ആഴ്ചകളില്‍ നടക്കുന്ന എല്ലാ വിധ ഘോഷയാത്രകളും ജാഥകളും സംബന്ധിച്ച് അതത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി വിവരം അറിയിക്കണം. സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണം കലക്ടര്‍ തേടി.