നിലമ്പൂർ- ഫുട്‌ബോൾ വാങ്ങാനുള്ള പണം പിരിച്ചെടുക്കാനുള്ള കുട്ടികളുടെ യോഗം വൈറലായി. നിലമ്പൂരിലാണ് കുട്ടികൾ കളി സ്ഥലത്ത് യോഗം ചേർന്നത്. ഫുട്‌ബോളിനുള്ള പണം കണ്ടെത്താനായിരുന്നു കുട്ടികളുടെ യേഗം. തെങ്ങിന്റെ മട്ടലിൽ മൈക്ക് പോലെ മരക്കൊമ്പ് കൊളുത്തിവെച്ചായിരുന്നു കുട്ടികളുടെ യോഗം. ക്ലബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയും കളിയിൽ പങ്കെടുക്കുന്ന കുട്ടികളും അഭിപ്രായം പറയുന്നുണ്ട്. ഇനി മുതൽ മിഠായ് വാങ്ങാനുള്ള പണം കൂട്ടിവെച്ച് ഫുട്‌ബോളിനായി പണം സ്വരൂപിക്കണമെന്നും ഒരു കുട്ടി പറയുന്നുണ്ട്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള പണം കൂട്ടി വെച്ചാൽ പണം സ്വരൂപിക്കാമെന്നും കുട്ടി പറയുന്നു. ഫുട്‌ബോളിൽ മികച്ച പ്രകടനം നടത്തിയ ഒരു കുട്ടിക്ക് പൊന്നാടയായി പ്ലാസ്റ്റിക് കവറും അണിയിക്കുന്നുണ്ട്. സാമൂഹ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂരാണ് ഈ വീഡിയോ ഫെയ്‌സ്ബുക്ക് പേജിലിട്ടത്. ഇതിനകം 15 ലക്ഷത്തോളം പേർ വീഡിയോ കണ്ടു കഴിഞ്ഞു. സുശാന്തിന്റെ വീടിന് സമീപത്തായിരുന്നു യോഗം. അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് കസേരയുമായി കുട്ടികൾ പോയതാണ് അവിടേക്ക് ശ്രദ്ധയാകർഷിച്ചത്. ഫുട്‌ബോളിനുള്ള പണം അപ്പോൾ തന്നെ സുശാന്ത് ഇവർക്ക് സമ്മാനിക്കുകയും ചെയ്തു. അഥിൻ, അർജുൻ എന്നിവരാണ് ക്ലബ് ഭാരവാഹികൾ.