തിരുവനന്തപുരം- ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമർശം നടത്തിയ സംഭവത്തിൽ മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ പോലീസ് കേസെടുക്കും. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് സർക്കാരിന് ലഭിച്ചത്. മുഖ്യമന്ത്രി ദൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
നടിക്കെതിരെ മോശം പരാമർശം നടത്തിയ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി 228(എ) വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന് നൽകിയിരിക്കുന്ന നിയമോപദേശം. പീഡനത്തിനിരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത് കുറ്റകരമാണ്. ഇതിനാൽ കേസ് എടുക്കാമെന്നാണ് മഞ്ചേരി ശ്രീധരൻ നായർ നൽകിയിരിക്കുന്ന നിയമോപദേശം. സെൻകുമാറിനെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം വനിതാ കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഡി.ജി.പി സ്ഥാനത്തിരുന്ന ഒരാൾ ഇത്തരത്തിൽ പ്രതികരിക്കരുതായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്ത് ഒരു പ്രത്യേക മതവിഭാഗത്തിൽപെട്ടവരുടെ എണ്ണം വർധിക്കുന്നുവെന്ന് കാട്ടി ഒരു വാരികക്ക് നൽകിയ സെൻകുമാറിന്റെ അഭിമുഖവും വിവാദമായിരുന്നു. പോലീസ് മേധാവിസ്ഥാനം വഹിച്ചയാൾ ഇത്തരത്തിൽ വർഗീയമായി പ്രതികരിച്ചതിനെതിരെ വിർശനങ്ങൾ ഉയർന്നിരുന്നു. ഈ സംഭവത്തിൽ മതസ്പർധ വളർത്തിയെന്ന കുറ്റത്തിന് സെൻകുമാറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യത്തിലാണ് ഇപ്പോൾ അദ്ദേഹം. സെൻകുമാറിനെ ബി.ജെ.പിനേതാവ് വീട്ടിൽ സന്ദർശിച്ചത് അദ്ദേഹം ബി.ജെ.പി.യിലേക്ക് പോകുമെന്ന പ്രചാരണവും ശക്തമാക്കി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പോലീസ് മേധാവിയായിരുന്ന സെൻകുമാറിനെ എൽ.ഡി.എഫ് അധികാരത്തിൽവന്നപ്പോൾ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി വിധിയെ തുടർന്നാണ് വീണ്ടും പോലീസ് മേധാവിയായിഎത്തിയത്.
പോലീസ് ആസ്ഥാനത്ത് ഐ.ജി ടോമിൻ തച്ചങ്കരിയുമായും സെൻകുമാർ ഏറ്റുമുട്ടലിലായിരുന്നു. ഐ.പി.എസ് അസോസിയേഷനിലും സെൻകുമാറിന്റെ നിലപാടുകൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.