റിയാദ്- വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിച്ച മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പുനഃക്രമീകരണം ലക്ഷ്യമിട്ടാണ് സ്‌പോൺസർഷിപ്പ് മാറ്റം നിർത്തിവെച്ചത്.
സൗദിവൽക്കരണ വ്യവസ്ഥകൾ അടക്കമുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി, അധികം താമസിയാതെ വ്യവസായ സ്ഥാപനങ്ങളുടെ പേരിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റിനൽകുന്ന സേവനം പുനരാരംഭിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ലെവി ഇളവ് അനുവദിച്ച പശ്ചാത്തലത്തിൽ ഇതര മേഖലകളിൽനിന്ന് തൊഴിലാളി പ്രവാഹം ഈ മേഖലയിലേക്ക് ഉണ്ടാകാതിരിക്കാൻ പുതിയ തീരുമാനം സഹായകമാകും.വ്യാവസായിക മേഖലക്ക് പിന്തുണ നൽകുന്നതിനും വ്യാവസായിക ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടാണ് ലെവി ഇളവ് അനുവദിക്കുന്നതിന് അടുത്തിടെ മന്ത്രിസഭ തീരുമാനിച്ചത്. 2019 ഏപ്രിൽ 30ന് ശേഷം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ ഫയൽ തുറന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ഇല്ല. വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗപ്പെടുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിച്ചത്.
വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ഇനത്തിൽ ചെലവ് വരുന്ന തുക സ്വകാര്യ മേഖലാ ഉത്തേജന പദ്ധതിക്ക് നീക്കിവെച്ച ബജറ്റിൽ നിന്ന് കുറക്കും. ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് സമാന രീതിയിൽ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കാണ് ലെവി ഇളവ് അനുവദിച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ നാലു തൊഴിലാളികളെയാണ് ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതിന് സ്ഥാപന ഉടമ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനകം അഞ്ചു വർഷം പദ്ധതി പ്രയോജനപ്പെടുത്തിയ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ആനുകൂല്യം അവസാനിച്ചിട്ടുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കുന്നതു വരെ സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിക്കും.