തിരുവനന്തപുരം- മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട ലേഖന വിവാദത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിനെ മുഖ്യമന്ത്രി തള്ളി പറയുമോ എന്നതായിരുന്നു ഉറ്റുനോക്കിയ കാര്യം. മാവോവാദികളെ കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷെ ചീഫ് സെക്രട്ടറിയെ തള്ളിപറയാനൊന്നും പോയില്ല. മാവോ വാദി കേസിൽ മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളി രണ്ടാമത്തെ വലിയ ഭരണകക്ഷിയായ സി.പി.ഐ ' ഇപ്പ കാണിച്ചു തരാം 'എന്ന ഭാവത്തിൽ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിയമസഭയിൽ സ്വീകരിച്ച നിലപാടിന് രാഷ്ട്രീയ പ്രാധാന്യമേറുന്നത്.
മാവോവാദികളെ തീവ്രവാദികളായി സ്ഥിരീകരിച്ചും പോലീസിനെ ന്യായീകരിച്ചുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ അഭിപ്രായമാണെന്നറിയിച്ച മുഖ്യമന്ത്രി, സർക്കാരിന്റെ അനുമതിയില്ലാതെയാണ് എഴുതിയതെന്ന കാര്യവും എടുത്തു പറഞ്ഞു. ചീഫ് സെക്രട്ടറിക്ക് ലേഖനമെഴുതാൻ സർക്കാർ അനുമതിയുടെ ആവശ്യമൊന്നുമില്ല. പ്രത്യയശാസ്ത്ര ബന്ധുക്കളിൽ അൽപ്പ പേർക്കെങ്കിലും നിരാശയുണ്ടാക്കുമെന്ന തൊന്നും നിലപാട് പറയുന്ന കാര്യത്തിൽ മുഖ്യമന്ത്രി കാര്യമാക്കിയില്ല. അതേ സമയം ഇക്കാര്യത്തിൽ ടോം ജോസിനെതിരെ നടപടി വേണമെന്ന നിലപാടിൽ സി. പി. ഐ സഭക്ക് പുറത്ത് ഉറച്ചുനിൽക്കുന്നുണ്ട്.
അതിന്റെ പ്രതിഫലനമൊന്നും സഭയിലെ സി.പി.ഐ അംഗങ്ങളിലൊന്നും കണ്ടില്ല. മാവോവാദികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ ന്യായീകരിച്ച് കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി ടോം ജോസ് ടൈംസ് ഓഫ് ഇന്ത്യയിൽ ലേഖനമെഴുതിയത്. മാവോവാദികൾക്ക് മനുഷ്യാവകാശം അവകാശപ്പെടാനാവില്ലെന്നതാണ് കേര ള ത്തിന്റെ ചീഫ് സെക്രട്ടറിയുടെ ഉറച്ച നിലപാട്. മാവോവാദികൾ മനുഷ്യരെ കൊല്ലുന്നവരാണ് . അവരിൽ നിന്ന് പൗരന്മാരെ രക്ഷിക്കുന്ന ജോലിയാണ് പോലീസ് ചെയ്യുന്നത്. 2050 ഓടെ ഭരണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെ വെറുതെ വിട്ടാൽ അവർ മനുഷ്യരെ കൊല്ലുകയില്ലേ? എന്നായിരുന്നു ചീഫ് സെക്രട്ടറി ലേഖനത്തിൽ ചോദിച്ചത്.
'മാവോവാദികൾക്കെതിരേ നടക്കുന്നത് യുദ്ധമാണ്. മാവോവാദികളെ കൊന്നില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടും എന്നതാണ് സ്ഥിതി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ സുരക്ഷിത കേന്ദ്രമായാണ് മാവോവാദികൾ കാണുന്നത്. അവർ കേരളത്തിലെ കാടുകളിലും അവരെ പിന്തുണക്കുന്നവർ നഗരത്തിലുമുണ്ട്. പോലീസും ഭരണകൂടവും ഇവർക്കെതിരെ ശക്തമായ നിരീക്ഷണം നടത്തി വരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രത്യാക്രമണത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. ഈ പോലീസ് നടപടിയെ വിമർശിക്കേണ്ട ഒരു കാര്യമില്ല.' ഇതായിരുന്നു ടോം ജോസ് എഴുതിയത്.
കേരളത്തിൽ ഇടതു പക്ഷം ജയിക്കുന്നതിന്റെ രഹസ്യം കോൺഗ്രസിലെ വി.പി.സജീന്ദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസുകാർ വോട്ടു ചെയ്ത് , വോട്ടു ചെയ്താണ് ഇത്രയും കാലം സി.പി.എം കേരളത്തിൽ ജയിച്ചു കയറിയത്, ഭരണത്തിലിരുന്നത്. അതിന് വിപരീതമായൊന്ന് വോട്ട് ചെയ്തപ്പോൾ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരൂരിലൊഴികെ എല്ലാ മണ്ഡലത്തിലും യു.ഡി.എഫ് ജയിച്ചു. അടുത്ത തെരഞ്ഞെടുപ്പു കളിലും കോൺഗ്രസ് ഇതു തന്നെയാണ് ചെയ്യാൻ പോകുന്നതെന്ന് സജീന്ദ്രന്റെ മുന്നറിയിപ്പ് കേട്ടപ്പോൾ ഹോ, കാണാം, കാണാം എന്ന ചിരിയായിരുന്നു ഭരണ ബെഞ്ചിൽ. കോൺഗ്രസിന് ഒരുപാട് അപ്പന്മാരുണ്ടായപ്പോഴാണ് നിങ്ങൾക്ക് ചിരിക്കാൻ അവസരം കിട്ടിയത്. ഇനിയെന്തായാലും അങ്ങിനെയില്ല. കോന്നിയിൽ തന്റെ വിജയത്തിന് കാരണം കോൺഗ്രസുകാർ വോട്ടു ചെയ്തതാണെന്ന് പറഞ്ഞാൽ അതങ്ങനെയങ്ങ് വിശ്വസിക്കാൻ ജയിച്ചുവന്ന ജനീഷ് കുമാറിന് കഴിയില്ല. കർഷക കടാശ്വാസ ബിൽ ചർച്ചയിൽ കന്നി പ്രസംഗം നടത്തിയ ജനീഷ് കുമാറിന്റെ ചോദ്യം ഇതായിരുന്നു.' അങ്ങനെയെങ്കിൽ എന്തിനായിരുന്നു സജീന്ദ്രൻ എന്റെ മണ്ഡലത്തിൽ വന്ന് താമസിച്ചു പ്രവർത്തിച്ചത്?
നല്ലവണ്ണം റബ്ബർ ടാപ്പിങ്ങ് അറിയാവുന്നയാളുമാണ് സജീന്ദ്രൻ. എം. എൽ.എ ആയപ്പോൾ നിർത്തിയതാണ്. ഇപ്പോൾ പക്ഷെ റബ്ബർ കൃഷിയുടെ കാര്യമൊക്കെ മഹാ കഷ്ടമായി. ജാതി കൃഷിയുമുണ്ടായിരുന്നു സജീന്ദ്രന്. ആ കൃഷിയും വേരോടെ പിഴുത അവസ്ഥയായി. പുതിയ നവോഥാന നീക്കങ്ങളായിരിക്കുമോ ജാതി കൃഷിയും ഇല്ലാതാക്കിയത്? റാന്നി ഭാഗത്ത് കാട്ടുപന്നി, ആന തുടങ്ങിയവയൊക്കെയെ ഉള്ളു എന്ന് തോന്നിക്കുംവിധമാണ് സജീന്ദ്രന്റെ പ്രസംഗമെന്ന് നിരീക്ഷിച്ച രാജു അബ്രഹാം ഓർമ്മിപ്പിച്ചു, അതല്ല കേട്ടോ ഞങ്ങൾ മനുഷ്യരും അവിടെ ജീവിക്കുന്നുണ്ട്. നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ആരാണെന്നറിയില്ല എന്ന മട്ടിൽ മറുപടി കിട്ടിയ കാര്യം കോൺഗ്രസിലെ എൽദോസ് പി.കുന്നപ്പിള്ളിൽ പറഞ്ഞപ്പോൾ ഷാഫി പറമ്പിലിന്റെ കമന്റ് ' മുഖ്യമന്ത്രി ബെഹറയാണെന്ന് തെറ്റിദ്ധരിച്ചു കാണും' മാവോ വേട്ടയുമായി കാര്യങ്ങൾ ബന്ധിപ്പിക്കാനുള്ള മറ്റൊരു ശ്രമം ചോദ്യോത്തരവേളയിലുമുണ്ടായി. കാട്ടിലെ പോലീസ് നടപടിക്ക് വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ടോ? എന്നായിരുന്നു സി. പി. ഐ ക്കാരനായ വനം വകുപ്പ് മന്ത്രി കെ.രാജുവിനോട് വി.ടി.ബലറാമിന്റെ ചോദ്യം. കാട്ടിലെ വിധ്വംസക പ്രവർത്തനങ്ങൾ തടയാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് മന്ത്രിയുടെ മറുപടി. കേരള മദ്രസാധ്യാപക ക്ഷേമനിധി ബില്ലിനെ മന്ത്രി ഡോ.കെ.ടി.ജലീൽ വിശേഷിപ്പിച്ചത് സാമൂഹ്യ ചരിത്രത്തിലെ സുപ്രധാന നിയമം എന്നാണ്. മദ്രസാധ്യാപക ബില്ലും അവതരിപ്പിച്ചത് ജലീലുമായാൽ പിന്നെ ലീഗുമായി ബന്ധപ്പെടുത്തിയും അല്ലാതെയുമുള്ള തർക്കങ്ങൾ സാധാരണം. ബിൽ ചർച്ചക്ക് തുടക്കമിട്ട കോൺഗ്രസ് അംഗം അൻവർ സാദത്ത് മുതൽ ആ തർക്കം തുടർന്നു. മുക്രി-മുല്ല പെൻഷനെതിരെ ഒരു കാലത്ത് മുദ്രാവാക്യം വിളിച്ച നിങ്ങൾ തന്നെ ഈ ബിൽ കൊണ്ടുവന്നല്ലോ. നല്ല കാര്യം അൻവർ സാദത്തിന്റെ രാഷ്ട്രീയ പരിഹാസം അങ്ങനെ പോയി. മൻ മോഹൻ സിങ് സർക്കാർ നിയോഗിച്ച സച്ചാ ർ കമ്മിറ്റി റിപ്പോർട്ടാണ് ഇത്തരമൊരു ക്ഷേമ ബില്ലിന് പോലും കാരണമായതെന്ന കാര്യത്തിൽ മുൻ മന്ത്രി മഞ്ഞളാംകുഴി അലിക്ക് അൽപ്പവുമില്ല സംശയം. ഇടുക്കിയിലെ ഭൂപതിവ് ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് നോട്ടീസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സി.പി.എം അംഗം രാജേന്ദ്രൻ പിന്തുണ നൽകിയ നടപടി ഒരുപാട് രാഷ്ട്രീയമാനങ്ങളുള്ള നീക്കമായി.