കോഴിക്കോട് - സംസ്ഥാനത്ത് നടക്കുന്നത് സി.പി.എം പിന്തുണയോടെയുള്ള പോലീസ് രാജാണെന്നും ഇതിനെതിരിൽ കാമ്പസുകളിലും തെരുവുകളിലും ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർത്തേണ്ട സന്ദർഭമാണെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം. അലൻ-ത്വാഹ കേസിൽ പ്രോസിക്യൂഷൻ യു.എ.പി.എ ചാർത്തിയതിനെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിൽ എടുത്തിട്ടുള്ളത്. ഇരുവർക്കും കോടതി ജാമ്യം നിഷേധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ലേഖനമെഴുതി കൊല വിളിക്കുകയാണ്. ചീഫ് സെക്രട്ടറിക്ക് മേലും നിയന്ത്രണമില്ലെന്നാണ് പിണറായി പറയുന്നത്. വാളയാറിൽ കോടതിക്കകത്തും പുറത്തും ഒത്തുകളിച്ച് സർക്കാർ-പോലീസ് സംവിധാനങ്ങൾ പ്രതികളെ രക്ഷപ്പെടുത്തി. മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലയിൽ പോലീസ് ഭാഷ്യത്തിന്റെ തനിയാവർത്തനമാണ് സഭയിൽ പിണറായി പറഞ്ഞത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ യു.എ.പി.എ പ്രയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറുമ്പോഴും യു.എ.പി.എ തങ്ങളുടെ നയമല്ലെന്നു പറഞ്ഞ് അപഹാസ്യനാവുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
കാനം രാജേന്ദ്രനും സി.പി.ഐക്കും വകുപ്പുകളിലെ മന്ത്രിപ്പണിയല്ലാതെ സർക്കാർ നയങ്ങളിലോ തീരുമാനങ്ങളിലോ ഒരു റോളും ഇല്ലാത്ത അവസ്ഥയാണ്. ഭരണകൂട ഭീകരതയുടെ അപ്പോസ്തലനായ പിണറായി വിജയൻ എന്ന ഭരണാധികാരിക്കെതിരിൽ കാമ്പസുകൾക്കകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.