Sorry, you need to enable JavaScript to visit this website.

ബാബ്‌രി മസ്ജിദ്: കോടതിവിധിയെ സംയമനത്തോടെ കാണണം -കാന്തപുരം 

കോഴിക്കോട് - ബാബ്‌രി മസ്ജിദ് പ്രശ്‌നത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധിയെ സംയമനത്തോടെ കാണണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. നിയമ സംവിധാനത്തെ അംഗീകരിക്കുക ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. 
വിധിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ ജനാധിപത്യ സംവിധാനങ്ങൾക്കും നിയമ വ്യവസ്ഥക്കും അകത്തുനിന്നുകൊണ്ടാവണം. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ കേസുകളിലൊന്നാണിത്. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടു നേരത്തെ വർഗീയമായ മുതലെടുപ്പുകൾ ഉണ്ടായത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. വിധി ഒരുതരത്തിലും കലാപാന്തരീക്ഷം ഉണ്ടാക്കരുത്. രാജ്യത്ത് നിലനിൽക്കുന്ന വിവിധ മതവിശ്വാസികൾക്കിടയിലെ പരസ്പര സൗഹാർദം ഊട്ടിയുറപ്പിക്കണം. ആഗോള സമൂഹം ഉറ്റുനോക്കുന്ന ഈ കേസിന്റെ വിധിയിൽ കോടതിവിധിയെ മാനിച്ചു  പ്രവർത്തിക്കണം. വൈകാരികമായിട്ടല്ല വിവേകപൂർവ്വമായാണ് ഈ വിഷയത്തിൽ ഇടപെടേണ്ടത്. ബാബ്‌രി മസ്ജിദ് വിഷയം നമ്മുടെ അഭിമാനപ്രശ്‌നമായപോലെ ഇന്ത്യയിൽ സ്വസ്ഥമായും സ്വാതന്ത്ര്യത്തോടെയും ജീവിക്കുക എന്നതും നമുക്ക് അനിവാര്യമാണ്. അതിനാൽ, എടുത്തുചാട്ടങ്ങൾ ഒരാളിൽ നിന്നും ഉണ്ടാവരുത്. വിധി പ്രസ്താവം വരുന്ന മുറക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം നേതൃത്വവുമായി ബന്ധപ്പെട്ടു പൊതുവായ അഭിപ്രായം രൂപപ്പെടുത്തുമെന്നും, സമാധാനപരമായ അന്തരീക്ഷം രാജ്യത്താകെ നിലനിറുത്താൻ സംവിധാനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ മതനേതാക്കളുമായി  സംസാരിച്ചു സമാധാനാവസ്ഥയും സൗഹാർദവും എല്ലായിടത്തും സുശക്തമാക്കാനുള്ള ഇടപെടലുകൾ നടത്തിവരികയാണെന്നും കാന്തപുരം അറിയിച്ചു.

 

Latest News