യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചതിനു മറുപടി പറയണമെന്നു ആദിവാസി യുവതി

മാനന്തവാടി - യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചതിനു സർക്കാർ മറുപടി പറയണമെന്നു ആദിവാസി യുവതി. ആദിവാസി വിഭാഗത്തിൽനിന്നു  വയനാട്ടിൽ ആദ്യമായി യു.എ.പി.എ പ്രകാരം അറസ്റ്റിലായ തിരുനെല്ലി ചക്കിണി കാട്ടുനായ്ക്ക കോളനിയിലെ ഗൗരിയാണ് (35) താൻ അനുഭവിച്ച ദുരിതത്തിനു സർക്കാർ മറുപടി പറയണമെന്ന ആവശ്യവുമായി രംഗത്ത്. വോട്ട് ബഹിഷ്‌കരണം ആഹ്വാനം ചെയ്ത് പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിച്ചതിനാണ് 2016ൽ യു.എ.പി.എ അനുസരിച്ചു  വെള്ളമുണ്ട പോലീസ് ഗൗരിയെ അറസ്റ്റു ചെയ്തത്. ആറു മാസത്തെ ജയിൽവാസത്തിനുശേഷമാണ് ഗൗരി പുറത്തിറങ്ങിയത്. 
അനീതിക്കും നീതി നിഷേധത്തിനുമെതിരെ പ്രതികരിച്ചതിനാണ് മാവോവാദിയോ തീവ്രവാദിയോ അല്ലാത്ത തന്നെ പോലീസ് യു.എ.പി.എ ചുമത്തി  അറസ്റ്റു ചെയ്തതെന്നു ഗൗരി പറയുന്നു. യു.എ.പി.എ നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നവർ കേരളം ഭരിക്കുമ്പോഴാണ് താൻ അറസ്റ്റിലായത്. പോലീസ് മാവോവാദിയെന്നു മുദ്രകുത്തിയതിന്റെ വിഷമത ഇപ്പോഴും അനുഭവിക്കുകയാണ്. ജയിലിൽനിന്നു കോളനിയിൽ എത്തിയപ്പോൾ മുതൽ പോലീസ് നിരീക്ഷണത്തിലാണ്. കോളനിയിലുള്ളവർ താനുമായി സാധാരണരീതിയിൽ ഇടപെടാൻ മടിക്കുകയാണ്. കോഴിക്കോട് രണ്ട് വിദ്യാർഥികളെ പോലീസ് യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തതിനെതിരെ ശബ്ദിക്കുന്നവർ കേസിൽപ്പെട്ടു പീഡനം അനുഭവിക്കുന്ന തന്നെ മറന്നുവോ എന്ന ചോദ്യവും ഗൗരി ഉയർത്തുന്നു. 

 

Latest News