തൃശൂർ- ജില്ലയിൽനിന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ കാണാതായ എട്ടു പെൺകുട്ടികളെയും കണ്ടെത്തി. ഒരു ദിവസത്തിനിടെ തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി എട്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ എട്ടുപേരെയും ഇരുപത്തിനാലു മണിക്കൂറിനകം തന്നെ കണ്ടെത്തി. സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട ആൺസുഹൃത്തുക്കൾക്കൊപ്പമാണ് ഏഴു പെൺകുട്ടികൾ പോയതെന്ന് പോലീസ് വ്യക്തമാക്കി. തൃശൂർ വെസ്റ്റ് ജില്ലയിൽനിന്ന് കാണാതായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ഈ പെൺകുട്ടി കുടുംബപ്രശ്‌നം കാരണമാണ് വീടുവിട്ടിറങ്ങിയത്.
ചാലക്കുടിയിൽ കാണാതായ പെൺകുട്ടി അയൽവാസിക്കൊപ്പമാണ് പോയത്. ബാക്കിയുള്ള കുട്ടികളെല്ലാം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണ്. കോളെജ് വിദ്യാർഥികളാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രണയത്തിലായി വീടുവിട്ടിറങ്ങിയത്. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.