Sorry, you need to enable JavaScript to visit this website.

ആ ജഡ്ജിയുടെ മുഖത്ത് നോക്കി മഅ്ദനി പറഞ്ഞു; താങ്കൾ ഇതിന് കണക്ക് പറയേണ്ടി വരും..

സർ, എനിക്കൊരു കാര്യം പറയാനുണ്ട്. നീതിപീഠത്തിലിരിക്കുന്ന ന്യായാധിപനോട് മഅ്ദനി ആവശ്യപ്പെട്ടു. ജഡ്ജിയുടെ അനുമതി കിട്ടി. മഅ്ദനി തുടർന്നു.
എന്റെ അഭിഭാഷകൻ കുറെ നേരമായി അങ്ങയോട് വാദിക്കുന്നു. അത് കേൾക്കാനുള്ള സൗമനസ്യം താങ്കൾ കാണിക്കുന്നില്ല. എതിർഭാഗത്തിന്റെ വാക്കുകൾക്ക് താങ്കൾ അസാധരണമാം വിധം കാതു കൂർപ്പിക്കുന്നു. താങ്കളൊരു നീതിമാനായ ന്യായാധിപനാകണം എന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. എന്നാൽ നീതിമാനായ ന്യായാധിപനാണ് താനെന്ന് അഭിനയിച്ചുകാണിക്കുകയെങ്കിലും വേണം. ഇത് എന്റെ അവസാനത്തെ കോടതിയല്ല. എന്നെ സംബന്ധിച്ചിടത്തോളം അവസാന കോടതി പടച്ചവന്റേതാണ്. അവിടെ ഞാനും വരും. നിങ്ങളും വരും. എന്റെ കാര്യം ഞാൻ
പറയും. നീതിയുടെ കസേരയിലിരുന്ന് എന്താണ് ചെയ്തതെന്ന് അവിടെ നിങ്ങൾ കണക്കു പറയേണ്ടി വരും.
പരപ്പന ജയിലിനകത്തെ കോടതിക്കകത്ത് ജഡ്ജിയുടെ മൂക്കിന് താഴെയിരുന്ന് മഅ്ദനി പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് സംഭവം. തന്റെ അഭിഭാഷകന്റെ വാക്കുകൾ ശ്രദ്ധിക്കാതെയിരുന്ന ന്യായാധിപനോട് ഇങ്ങനെ പറയാനുള്ള ധൈര്യം മഅ്ദനിക്ക് കൂടെയുണ്ട്.
കോടതിയിലെ ചുമരുകളെയായിരുന്നു പലപ്പോഴും മഅ്ദനിയുടെ അഭിഭാഷകർക്ക് നേരിടേണ്ടിയിരുന്നത്. നേരത്തെ എഴുതി തയ്യാറാക്കിയ വിധിന്യായവും
കക്ഷത്തിലിട്ട് വരുന്ന ന്യായാധിപൻമാർ. ഏത് മുന്തിയ വക്കീലായിട്ടും കാര്യമില്ല. മഅ്ദനിയെ ജയിലിൽ തന്നെ അവസാനിപ്പിക്കണമെന്ന് തീർപ്പാക്കിയവരുടെ കളിപ്പാവകളായി മാറുന്ന ന്യായാധിപൻമാർ. അവരുടെ പ്രതിനിധിയോടായിരുന്നു മഅ്ദനിയുടെ ചോദ്യം. അത് ന്യായാധിപനെ ചൂളി കടന്നുപോയി.
ഒരു പ്രത്യേക സമുദായത്തിൽ പിറന്നതിന്റെ പേരിൽ രാജ്യത്തെ മുഴുവൻ ഭീകരവാദ കേസുകളും ചുമത്തപ്പെടുന്നതിന്റെ ജീവിക്കുന്ന പ്രതീകമാണ് മഅ്ദനി.
ഒരാൾക്ക് ബാധിക്കാവുന്ന അസുഖങ്ങളെല്ലാം ആ മനുഷ്യനെ പിടികൂടിക്കഴിഞ്ഞു. ഒരു കാൽ മുട്ടിന് മുറിച്ചുമാറ്റി. അതിന് മുകളിലേക്ക് സ്പർശന ശേഷി
ഇല്ലാതായിരിക്കുന്നു. ഷുഗറിന്റെ അളവ് ക്രമാതീതമായി കൂടി. ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി. മറുകണ്ണ് തുറന്നുപിടിക്കുമ്പോൾ  ഒരു പാടമാത്രം വന്നു നിൽക്കും. കൺമുന്നിൽ. മഅ്ദനിയുടെ ഏറ്റവും വലിയ ആകർഷണമായിരുന്ന കണ്ണുകൾ. ആ കണ്ണുകൾക്ക് ആൾക്കൂട്ടത്തെ തന്നിലേക്ക് വലിച്ചടുപ്പിക്കാനുള്ള മാസ്മരിക ശക്തിയുണ്ടായിരുന്നു. ആ
കണ്ണുകളാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ മഅ്ദനിയുടെ കണ്ണുകളെപ്പറ്റി സംസാരിച്ചുകൊണ്ടാണ് പ്രശസ്ത സംവിധായകൻ  ശശിയുടെ ഡോക്യുമെന്ററി തുടങ്ങുന്നത്. ബിനായക് സെന്നിനെ നക്‌സൽ ബന്ധം ആരോപിച്ച് തടവറയിലാക്കിയതിനെതിരെ രംഗത്തെത്തിയത് ശശിയുടെ
നേതൃത്വത്തിലായിരുന്നു. ബിനായക് സെന്നിന് വേണ്ടി നൊബേൽ സമ്മാനജേതാക്കളെ പങ്കെടുപ്പിക്കാൻ ഓടിനടന്നതും അദ്ദേഹം തന്നെ. മഅ്ദനിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി ഇതുവരെ ചിത്രീകരിച്ചത് അറുപത് മണിക്കൂറിലേറെയാണ്. ഇത്  ഒന്നോ രണ്ടോ മണിക്കൂറിലേക്ക് ചുരുക്കാനാകാതെ
സംവിധായകൻ വീർപ്പുമുട്ടുന്നു. വെട്ടിമാറ്റുന്ന ഓരോ സീനും മനുഷ്യ ശരീരത്തിലെ ഒരു ഭാഗമായാണ് കാണുന്നത്.

എന്തുകൊണ്ട് മഅ്ദനി?

ഒരു പ്രത്യേക സമുദായത്തിൽ പിറന്നവർക്കെതിരെ കേസുകൾ കെട്ടിച്ചമക്കുന്നത് സ്വാതന്ത്യം കിട്ടിയ കാലം മുതൽ തുടങ്ങിയതാണ്. മുസ്‌ലിംകൾ ശത്രുക്കളാണെന്നും വിശ്വസിക്കാൻ പറ്റാത്തവരുമാണെന്ന
പ്രചാരണം ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തന്നെ നടന്നു. ആ സമുദയത്തിൽപെട്ടവരെ പേപ്പട്ടികളാക്കി. അവരെ കൊന്നാൽ പാപം കിട്ടില്ലെന്ന്
വിശ്വസിപ്പിച്ചു. ആധുനിക കാലത്ത് കൊല്ലാൻ കഴിയാത്തതിനാൽ പച്ചക്ക് കൊല്ലുന്നു. മഅ്ദനിയെപ്പറ്റി എനിക്ക് സിനിമയെടുക്കാം. എന്നാൽ ആ സമുദായത്തിൽ പെട്ടവർ അത് ചെയ്യുമ്പോൾ അവൻ വർഗീയവാദിയുംതീവ്രവാദിയുമാകും. അവനെ എളുപ്പം കൂട്ടിലാക്കാം. തെളിവുകളുണ്ടാക്കാം. 
ബിനായക് സെന്നിൽ നിന്ന് മഅ്ദനിയിലേക്ക്
ബിനായകിനെ നക്‌സൽ ബന്ധം ആരോപിച്ചാണ് ജയിലിലാക്കിയത്. ഇതിനെ എതിർക്കാൻ പലർക്കും ഭയമായിരുന്നു. യഥാർഥത്തിൽ ബിനായക് നക്‌സൽ
ആയിരുന്നില്ല. നക്‌സലുകളോട് അനുഭാവമുണ്ടായിരുന്നു. ഒരിക്കലും നക്‌സൽ പാത ബിനായക് സ്വീകരിച്ചിട്ടേയില്ല. എന്നാൽ ഭരണകൂടത്തിന്റെ ആസൂത്രിതമായ
ശ്രമങ്ങൾ ബിനായക്കിന് മേൽ നക്‌സൽ മുദ്ര ചാർത്തി. ഒരിക്കലും മായ്ക്കാനാകാത്ത മുദ്രയായി അത് മാറി. ബിനായക്കിനെ മോചിപ്പിക്കാനുള്ള
ശ്രമം നടത്തിയത് തികച്ചും ആസൂത്രിതമായാണ്. 128 സംഘടനകൾ ചേർന്ന് പോസ്റ്ററുകളുണ്ടാക്കുകയായിരുന്നു ആദ്യം ചെയ്തത്. അതിലെ വാക്കുകൾ
ജനങ്ങൾക്കുള്ളിലേക്ക് തുളച്ചുകയറി. അവർ ഒത്തുചേർന്നു. നൊബേൽ സമ്മാന ജേതാക്കളും ബിനായകിന് വേണ്ടി രംഗത്തെത്തിയതോടെ അന്താരാഷ്ട്ര
തലത്തിൽ ഇത് ചർച്ചയായി. ഗത്യന്തരമില്ലാതെയാണ് ബിനായക്കിനെ മോചിപ്പിക്കാൻ ഭരണകൂടം തയ്യാറായത്. ബിനായക്കിന്റെയും മഅ്ദനിയുടെയും കാര്യങ്ങൾ വ്യത്യസ്തമാണ്. മുസ്‌ലിം എന്നത് മാത്രമല്ല മഅ്ദനിയുടെ പ്രശ്‌നം. രാജ്യത്തെ കരിനിയമങ്ങൾ കൂടുതൽ ശക്തമായത് ആ സാധുവിനെ കുഴക്കുന്നു. നേരത്തെ ഇല്ലാത്ത കുറ്റങ്ങളുണ്ടാക്കി ഒൻപതു കൊല്ലം ജയിലിനുള്ളിലാക്കി. കോയമ്പത്തൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സെഡ് കാറ്റഗറി സുരക്ഷയിലായിരുന്നു മഅ്ദനി. ഇവരുടെ കണ്ണ് വെട്ടിച്ച് കുടകിൽ തീവ്രവാദ ക്യാമ്പിൽ പങ്കെടുത്തു എന്ന്
പറഞ്ഞാൽ ആര് വിശ്വസിക്കും. ഹാജരാക്കിയ തെളിവുകളെല്ലാം വ്യാജമാണെന്നത് പകൽ പോലെ വ്യക്തം. സാക്ഷികളെ കെട്ടിച്ചമച്ചതാണെന്നതിനും തെളിവ്. എന്നിട്ടും മോശം ആരോഗ്യാവസ്ഥ പരിഗണിച്ചു പോലും ജാമ്യം നൽകാൻ കോടതി
തയ്യാറാകുന്നില്ല. കരിനിയമങ്ങൾ തന്നെയാണ് ഇതിന് കാരണം. മഅ്ദനിയെ ഇനി പുറംലോകം കാണിക്കില്ലെന്ന ചിലരുടെ തീരുമാനങ്ങളാണ് ന്യായാധിപൻമാർ എന്ന് പറയുന്നവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
മഅ്ദനിയുണ്ടാക്കിയ പ്രകോപനങ്ങൾ
പ്രകോപനത്തോടെ പ്രസംഗിച്ചു എന്നാണ് പ്രധാന കുറ്റം. കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചോരക്ക് ചോര എന്ന് പ്രസംഗിച്ചുവത്രേ. ആ പ്രസംഗം ഒന്ന്
കേൾപ്പിച്ചുതരാൻ ഞാൻ പലരോടും ആവശ്യപ്പെട്ടിരുന്നു. എനിക്കിത് വരെ അത് കിട്ടിയിട്ടില്ല. ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ എത്തിച്ചുതരണം.
ഇനി അഥവ അങ്ങനെ പ്രസംഗിച്ചെങ്കിൽ തന്നെ അതിൽ വലിയ കാര്യമില്ല. സാധാരണ വിദ്യാർഥി രാഷ്ട്രീയക്കാർ വരെ ഇത്തരത്തിൽ പ്രസംഗിക്കാറുണ്ട്.
ആയിരം പള്ളികൾ തകർക്കപ്പെട്ടാലും ഒരു അമ്പലത്തിന്റെ മുറ്റത്ത് നിന്ന് ഒരു പിടി മണ്ണ് പോലും വാരരുതേ മക്കളേ എന്ന് മഅ്ദനി പ്രസംഗിച്ചിട്ടുണ്ട്. അതാരും പറയാത്തത് എന്തേ. യഥാർത്ഥത്തിൽ അവർണർക്ക് അധികാരം എന്ന വാദം മുന്നോട്ടു വെച്ചതാണ് മഅ്ദനിക്ക് വിനയായത്. പള്ളിയിൽ നമസ്‌കാരത്തിന് നേതൃത്വം നൽകിയും പാതിരാ പ്രസംഗങ്ങളിൽ പങ്കെടുത്ത് ജനങ്ങളെ ഉദ്‌ബോധനം നടത്തുകയും ചെയ്യേണ്ട ഒരാൾ അങ്ങാടിയിലിറങ്ങി അവർണ്ണർക്ക് അധികാരമുണ്ടാക്കണം എന്ന് പറഞ്ഞാൽ അതാർക്ക് സഹിക്കും. എല്ലാ രാഷ്ട്രീയക്കാർക്കും
മഅ്ദനി ഭീഷണിയായിരുന്നു. പതിനായിരങ്ങളാണ് ആ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയിരുന്നത്. പ്രസംഗം കേൾക്കുന്നവരോട് പുതിയ കാലത്തിന്റെ പുതിയ ചോദ്യങ്ങൾ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനം അദ്ദേഹത്തിൽ പുതിയ ഉത്തരങ്ങൾ കണ്ടെത്തി. കോയമ്പത്തൂർ ജയിലിൽ ഒൻപതര കൊല്ലം മഅ്ദനിയെ പിടിച്ചുവെച്ചില്ലായിരുന്നെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയാവസ്ഥയിൽ ചില മാറ്റങ്ങൾ വരുമായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. മഅ്ദനിയെ രാഷ്ട്രീയമായി എല്ലായ്‌പ്പോഴും എതിർത്തത് യു.ഡി.എഫായിരുന്നു. നിയമത്തിന്റെ വിലങ്ങുകൾ മഅ്ദനിയെ അണിയിച്ചത് രണ്ടു തവണയും എൽ.ഡി.എഫും. മഅ്ദനിയെ ഒതുക്കുന്നതിൽ രണ്ടു വിഭാഗവും പങ്കെടുത്തു എന്നർത്ഥം. ഇസ്‌ലാമിക് ലിബറേഷൻ തിയറിയുടെ വക്താവായിരുന്നു അദ്ദേഹം. പരമ്പരാഗത രാഷ്ട്രീയക്കാർക്ക് അത് പ്രശ്‌നമുണ്ടാക്കി. അവർ കരുക്കൾ നീക്കി. ആസൂത്രിതമായി. മുസ്‌ലിം രാഷ്ട്രീയത്തിലെ പല കക്ഷികളും മഅ്ദനിയെ
കുടുക്കാൻ നോക്കിയിട്ടുണ്ട്. പുറത്തുള്ള മഅ്ദനി തങ്ങളുട ഭാവി അപകടത്തിലാക്കുമെന്ന് അവർ കരുതി. അവർണ്ണർക്ക് അധികാരമെന്ന ആശയത്തിന് ബലം വെക്കുമോയെന്നവർ ഭയപ്പെട്ടു. കോയമ്പത്തൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും മഅ്ദനി ഇടപെട്ട വിഷയങ്ങൾ ശ്രദ്ധിക്കുക. ചെങ്ങറ അടക്കമുള്ള സമര ഭൂമിയിൽ ഒറ്റക്കാലുമായി കടന്നുചെന്നു.

ജയിലിൽ മഅ്ദനി

മഅ്ദനിയെ കാണാൻ നിരവധി പേർ ജയിലിൽ വരുന്നുണ്ട്. നിരവധി പ്രശ്‌നങ്ങളുമായാണ് പലരും വരുന്നത്. അവർക്ക് മഅ്ദനി സമാധാനത്തിന്റെ
കഥകൾ പറഞ്ഞുകൊടുക്കുന്നു. മനസ്സ് നിറച്ചും അസ്വസ്ഥതയുമായി കടന്നുവരുന്നവർ മഅ്ദനിയിൽ ആശ്വാസം തേടി തിരിച്ചുപോകുന്നു. അദ്ദേഹത്തിന്റെ മുഖത്ത് സങ്കടം വായിച്ചെടുക്കാൻ ഒരാൾക്കും
കഴിയുന്നില്ല. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്നെ സങ്കടപ്പെടുത്തുന്നത് അതൊന്നുമല്ല. എനിക്ക് വാദിക്കാൻ വക്കീലുമാരുണ്ട്. ശ്രദ്ധിക്കാൻ ആളുകളുണ്ട്. എന്നാൽ ഇതൊന്നുമില്ലാത്ത ആയിരക്കണക്കിനാളുകൾ നിരവധി ജയിലുകളിലുണ്ട്. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് മഅ്ദനി
ആവശ്യപ്പെടുന്നത്.ജയിലിൽ മഅ്ദനിയെ അവസാനിപ്പിക്കാമെന്നാണ് ഭരണകൂടം കരുതുന്നത്. അതിൽ
അവർ വിജയിച്ചേക്കാം. അത് മഅ്ദനിക്കും ബോധ്യമുണ്ട്. കർണാടക പോലീസ്അറസ്റ്റ് ചെയ്യാൻ എത്തിയതിനു തൊട്ടുമുമ്പ് അദ്ദേഹം അത് പറഞ്ഞിട്ടുണ്ട്.
മനുഷ്യന് ബാധിക്കാവുന്ന എല്ലാ അസുഖങ്ങളും അദ്ദേഹത്തിനുണ്ട്. പ്രമേഹംകണ്ണുകളെ പിടികൂടിക്കഴിഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും
ഇല്ലാതായി. ആ കണ്ണുകൾ ഏറെ ആകർഷകമായിരുന്നു. ആയിരങ്ങളെവലിച്ചടുപ്പിച്ച കണ്ണുകളാണ്. അതാണ് ഇല്ലാതാകുന്നത്. കണ്ണില്ലാത്ത മഅ്ദനി
പുറത്തു വരാതിരിക്കുന്നതാണ് നല്ലതെന്ന് ചില നേരങ്ങളിൽ തോന്നിപ്പോകുന്നു.
മറ്റൊരു കേസിനും സംഭവിക്കാത്ത ദുർവിധിയാണ് മഅ്ദനി നേരിടുന്നത്. നിസ്സാര കാരണങ്ങളാൽ ജാമ്യം സ്ഥിരമായി നിഷേധിക്കപ്പെടുന്നു. തെളിവുകൾ
വ്യാജമാണെന്നും സാക്ഷികൾ കൂലിക്കെത്തിയവരാണെന്ന് പറഞ്ഞിട്ടും കോടതി കണ്ണ് തുറക്കുന്നേയില്ല.
ജയിലിനകത്താണ് കോടതി പ്രവർത്തിക്കുന്നത്. അവിടെ പത്രക്കാർ എത്താറില്ല. അപൂർവം കേസുകളാണ് ഇവിടെ പരിഗണിക്കുന്നത്. മഅ്ദനി പൊട്ടിത്തെറിച്ചു തുടങ്ങി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ വരുന്നത്. പോലീസിന്റെ ഭാഷ പത്രക്കാർ എഴുതുന്നു. സത്യത്തിന്റെ നേരെ പത്രക്കാർ മുഖം തിരിക്കുന്നു.
കർണാടക പോലീസിൽ സംഘ്പരിവാർ ലോബി പ്രവർത്തിക്കുന്നുണ്ട്. അവരാണ് വാർത്തകൾ കെട്ടിച്ചമക്കുന്നത്. നിങ്ങൾ നിരപരാധിയാണ് എന്ന് ഞങ്ങൾക്കറിയാം. നേരത്തെ ചെയ്ത തെറ്റിന്റെ ഫലമാണ് അനുഭവിക്കുന്നതെന്ന് സംഘ് പോലീസുകാർ മഅ്ദനിയോട് പറയുന്നു.

മഅ്ദനിയും ബോംബ് സ്‌ഫോടനങ്ങളും

കോയമ്പത്തൂർ, ബാംഗ്ലൂർ സ്‌ഫോടനങ്ങൾ മഅ്ദനിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഭരണകൂടത്തിന്റെ വാദം. ഒരു ബോംബാണ് മഅ്ദനിയുടെ കാലുകൾ തകർത്തത്. ജീവിതത്തിൽ ആ ബോംബ് മാത്രമായിരിക്കും മഅ്ദനി കണ്ടിട്ടുണ്ടാകുക. തന്റെ കാല് തകർത്തവനോട് ക്ഷമിച്ചയാളാണ് മഅ്ദനി.
അതൊന്നും ആരും പറയുന്നേയില്ല. ബോംബ് നിർമ്മിക്കാതെ ഇവിടെ ഏതെങ്കിലും രാഷ്ട്രീയക്കാരുണ്ടോ. ഇടതും വലതുമെല്ലാം അത് ചെയ്തിട്ടുണ്ട്.
മഅ്ദനിയും മറ്റു ചിലരും വേറെ നിരവധി മുസ്‌ലിം നേതാക്കളുണ്ടല്ലോ, എന്തുകൊണ്ട് മഅ്ദനിയെ
ക്രൂശിക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. കൺവെൻഷനൽ മുസ്‌ലിംകൾ സംഘ് പരിവാറിനും ഇതര രാഷ്ട്രീയക്കാർക്കും ഭീഷണിയേ അല്ല എന്നാണ്
ഇതിനുത്തരം. മഅ്ദനിയെ ഓരോ പാർട്ടിയും ഓരോ രീതിയിലാണ് ഉപയോഗിച്ചത്. മലപ്പുറത്ത് മുസ്‌ലിം പിന്തുണ കിട്ടുമെന്ന് കരുതി പിണറായി വിജയൻ
ഉപയോഗിച്ചു. പിണറായിയെ അടിക്കാനുള്ള വടിയായി വി.എസ്. അച്യുതാനന്ദൻ മഅ്ദനിയെ ഉപയോഗിച്ചു. മതേതരക്കാരാണെന്ന് തെളിയിക്കാൻ വലതുപക്ഷം മഅ്ദനിയെ ആട്ടിയോടിച്ചു. മഅ്ദനിയുടെ ജീവിതം ജയിലിൽ ഒടുക്കുക എന്നത് ചിലരുടെ അജണ്ടയാണ്. മൗനിയായിരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങളുടെ മൗനം കൊണ്ട് നിരപരാധിയായ ഒരു മനുഷ്യൻ ഇല്ലാതാകും. പിന്നീടൊരിക്കൽ പോലും വാക്കുകൾ ഉരിയാടാൻ നിങ്ങൾക്കവകാശമുണ്ടാകില്ല. എന്റെ ഒച്ചയില്ലായ്മ കൊണ്ട് ഒരാൾ ഇല്ലാതാകരുത്. അതുകൊണ്ട് ഞാൻ ഇനിയും മഅ്ദനിക്കായി സംസാരിച്ചുകൊണ്ടേയിരിക്കും. ശശി പറയുന്നു.

(മഅ്ദനിയെ പറ്റി ഫാബ്രിക്കേറ്റഡ് എന്ന പേരിൽ ഡോക്യുമെന്ററി സംവിധാനം ചെയ്ത കെ.പി. ശശിയുമായുള്ള അഭിമുഖം- അവലംബം: മലയാളം ന്യൂസ് ലൈബ്രറി) 

Latest News