റിയാദ്- സൗദിയിൽ മൂന്നു വർഷത്തിനിടെ പാർപ്പിട വാടക 14 ശതമാനം തോതിൽ കുറഞ്ഞതായി അൽറിയാദ് കാപ്പിറ്റൽ റിപ്പോർട്ട്. തൊഴിൽ നഷ്ടപ്പെട്ട് പത്തൊമ്പതു ലക്ഷം വിദേശികൾ രാജ്യം വിട്ടതാണ് പാർപ്പിട വാടക വലിയ തോതിൽ കുറയുന്നതിന് ഇടയാക്കിയത്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മൊത്തം ആഭ്യന്തരോൽപാദനത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവന 5.2 ശതമാനമാണ്. ഭൂരിഭാഗം ലോക രാജ്യങ്ങളിലും ഇത് ഏഴു മുതൽ പതിമൂന്നു ശതമാനം വരെയാണ്. ഗൾഫ് രാജ്യങ്ങളിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ 11.5 ശതമാനമാണ് റിയൽ എസ്റ്റേറ്റ് മേഖലയുടെ ശരാശരി സംഭാവന.
2009 മുതൽ 2015 വരെയുള്ള കാലത്ത് സൗദിയിൽ പാർപ്പിട വാടക 58 ശതമാനം തോതിൽ വർധിച്ചിരുന്നു. 2011 മുതൽ 2013 വരെയുള്ള കാലത്ത് പാർപ്പിട വാടക വർധന മന്ദഗതിയിലായിരുന്നു. ശേഷിക്കുന്ന വർഷങ്ങളിൽ പാർപ്പിട വാടക വലിയ തോതിൽ വർധിച്ചു.
സൗദിയിൽ റിയൽ എസ്റ്റേറ്റ് വിപണിയുടെ ആകെ ശേഷി 5000 കോടി റിയാലാണ്. സൗദി ഓഹരി വിപണിയുടെ ആകെ ശേഷി 2000 കോടി റിയാലാണ്. റിയൽ എസ്റ്റേറ്റ് വിപണിയിൽ ഈ വർഷം ആദ്യ പകുതിയിൽ 19 ശതമാനം വളർച്ച രേഖപ്പെടുത്തി. 2014 മുതൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
2014 ലാണ് റിയൽ എസ്റ്റേറ്റ് വിപണിയിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത്. ആ കൊല്ലം 44,000 കോടി റിയാലിന്റെ ഇടപാടുകൾ നടന്നു. കഴിഞ്ഞ കൊല്ലം 14,300 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. ഈ വർഷം രണ്ടു ലക്ഷം പാർപ്പിട, വായ്പാ ഉൽപന്നങ്ങൾ വിതരണം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. റിയൽ എസ്റ്റേറ്റ് ഫണ്ടിൽ വായ്പാ അപേക്ഷകരുടെ വെയ്റ്റിംഗ് ലിസ്റ്റ് അടുത്ത വർഷത്തോടെ ഇല്ലാതാകും. നിലവിൽ പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിൽ 50 പദ്ധതികൾ നടപ്പാക്കി വരികയാണ്. ഈ പദ്ധതികളിൽ ആകെ 1,22,000 പാർപ്പിട യൂനിറ്റുകളാണുള്ളത്.