തിരുവനന്തപുരം- കേരളത്തിൽ പാട്ട് ഒന്നാന്തരം രാഷ്ട്രീയ ആയുധമാക്കിയത് ആലത്തൂർ എം.പി രമ്യ ഹരിദാസായിരുന്നു. രമ്യയുടെ പാട്ടിനെ പരിഹസിച്ചവരെ ആ മണ്ഡലത്തിലെ ജനങ്ങൾ കണക്കിന് ശിക്ഷിച്ചു. മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന് പക്ഷേ അത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഖമറുദ്ദീനും എതിർ സ്ഥാനാർഥി എം. രാമറേയും മണ്ഡലമാകെ പാടി നടന്ന് വോട്ടു പിടിച്ചു. ജയിച്ചു വന്ന നൂറുദ്ദീൻ കന്നി പ്രസംഗം മുഴുവനെന്നോണം പാട്ടിനാൽ സമൃദ്ധമാക്കി. ഉപധനാഭ്യർഥന ചർച്ചയിലെ നൂറുദ്ദീന്റെ ആദ്യ പ്രസംഗം കഴിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സീറ്റിലേക്ക് സഹപ്രവർത്തകരെല്ലാം ആഹ്ലാദപൂർവം എത്തി. മഞ്ചേശ്വരത്ത് തന്നെ തോൽപിക്കാൻ ബി.ജെ.പി മാത്രമല്ല ഇടതുപക്ഷവും ആവുംവിധം നോക്കിയിരുന്നു. തന്റെ പേരുള്ള ഒരു ഖമറുദ്ദീനെ കൊണ്ടോട്ടിയിൽനിന്ന് കൊണ്ടുവന്നാണ് അപരനാക്കിയത്. ഭാഗ്യം, ഇരുന്നൂറ് വോട്ട് മാത്രം കിട്ടിയത് കൊണ്ട് രക്ഷപ്പെട്ടു. സഭയിൽ പാട്ടുകാരായി പി.ജെ. ജോസഫും ഡോ.എം.കെ. മുനീറുമൊക്കെയുണ്ടെങ്കിലും നിയമസഭാ പ്രസംഗങ്ങളിൽ അവർ അധികമൊന്നും പാടാറില്ല. മറ്റൊരു കന്നിയംഗമായ വി.കെ.പ്രശാന്ത് തന്നെ തെരഞ്ഞെടുപ്പ് കാലത്ത് ഊതി വീർപ്പിച്ച ബലൂണെന്നൊക്കെ വിളിച്ചവർക്കുള്ള മറുപടിയിലൂന്നിയാണ് തന്റെ ആദ്യ പ്രസംഗം സജീവമാക്കിയത്.
ചർച്ചയിൽ സംസാരിച്ച സി.പി.എമ്മിലെ എസ്.ശർമ്മ, കെ.വി.അബ്ദുൽ ഖാദർ, പി.ആയിഷ പോറ്റി, എം.സ്വരാജ് എന്നിവരെല്ലാം ഉപതെരഞ്ഞെടുപ്പ് വിജയം എടുത്തു കാണിച്ചാണ് പ്രതിപക്ഷ നിരയെ പ്രതിരോധിച്ചത്. വാളയാർ പീഡനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്ന പ്രതിപക്ഷത്തെ നേരിടാൻ സി.പി.എമ്മിലെ ടി.വി.രാജേഷിന്റെ കൈയിൽ ഒരായുധമുണ്ടായിരുന്നു. പാലക്കാട്ടെ മീനാക്ഷിപുരത്ത് 2016 ൽ നടന്ന പീഡനവും പെൺകുട്ടിയുടെ മരണവും.
അന്ന് എ.കെ.ബാലൻ വിഷയം സഭയിൽ പറഞ്ഞപ്പോൾ നിങ്ങളുടെയൊക്കെ നിലപാടെന്തായിരുന്നുവെന്ന് രാജേഷിന്റെ ചോദ്യം. പക്ഷേ വാളയാറിലേത് പീഡനവും തുടർ കൊലപാതകവുമാണെന്നാണ് ശൂന്യവേളയിൽ കോൺഗ്രസിലെ വി.ടി. ബലറാം ആരോപിച്ചത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മയെ തിരുവനന്തപുരത്ത് വരെ എത്തിച്ച് മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചതല്ലാതെ ഈ കേസിൽ മറ്റെന്ത് ചെയ്യാനായെന്ന് ബലറാമിന്റെ രൂക്ഷമായ ചോദ്യം.
കെ.പി.സി.സി പ്രസിഡന്റ് പാലക്കാട്ട് ഈ വിഷയത്തിൽ സത്യഗ്രഹ സമരം നടത്തുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് വിഷയം വീണ്ടും കത്തിച്ചു നിർത്തിയത്. ഇതാ, ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിലാണ് മാവോവാദി കേസിലൊക്കെ സി.പി.എം സി.പി.ഐ കക്ഷികളെന്ന പുറത്തെ ധാരണക്കൊന്നും ഒരർഥവുമില്ലെന്നേ സി.പി.ഐയിലെ മുതിർന്ന അംഗങ്ങളായ സി.ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവരുടെ ഉപധനാഭ്യർഥന പ്രസംഗം കേട്ടാൽ തോന്നുകയുള്ളൂ. പിണറായി വിരുദ്ധത വഴി കമ്യുണിസ്റ്റ് വിരോധം വളർത്തുന്ന അവസ്ഥയിലേക്ക് നിങ്ങൾ അധഃപതിച്ചില്ലേ എന്നൊക്കെയാണ് സി. ദിവാകരൻ പ്രതിപക്ഷത്തെ നോക്കി ആവേശഭരിതനായത്. മാവോയിസ്റ്റ് സഹോദരന്മാർക്കായി പിണറായി വിജയനോട് ഓരോ ഇഞ്ചും പോരാടുന്ന പാർട്ടി എന്ന പ്രതീതിയാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസവും സൃഷ്ടിച്ചിട്ടുള്ളത്. മാവോയിസ്റ്റുകൾക്കെതിരെയുള്ള നടപടിയെ അതിശക്തമായാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിൽ ന്യായീകരിച്ചത്. കാനം രാജേന്ദ്രൻ ലേഖനത്തിനെതിരെ പൊട്ടിത്തെറിക്കുന്നുണ്ട്. 'ഞാൻ ആ ലേഖനം വായിച്ചിട്ടില്ല' എന്ന ഒറ്റവാക്കിലായിരുന്നു ഈ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. സന്ദർഭത്തിന്റെ തേട്ടം മനസ്സിലാക്കിയിട്ടാകാം പി.സി.ജോർജിന്റെ വക മുഖ്യമന്ത്രിക്ക് ഒന്നാന്തരമൊരു അഭിനന്ദനം; എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നയാളാണ് പിണറായി വിജയൻ. ആരുമിവിടെ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താൻ നോക്കേണ്ടതില്ല. അത് നടക്കില്ല, മുഖ്യമന്ത്രിക്കൊപ്പം താനുണ്ടെന്ന് ജോർജ്.
ലീഗിന്റെ ഭരണ കാലത്ത് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറായി ഹൈസ്‌കൂൾ അധ്യാപകനെ നിയമിക്കാൻ ശ്രമിച്ചു എന്ന മന്ത്രി കെ.ടി.ജലീലിന്റെ ആക്ഷേപത്തിന് ഡോ.കെ.കെ.എൻ. കുറുപ്പിന്റെ ജീവിതമാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദാഹരിച്ചത്. അദ്ദേഹം വില്ലേജ് അസിസ്റ്റന്റായി ജോലിയിൽ കയറിയാണ് ഇന്നത്തെ ഔന്നത്യങ്ങളെല്ലാം കീഴടക്കിയത്. ജലീലിന് അതൊക്കെ ഓർമ വേണം. വൈദ്യുതി വകുപ്പുമായി ബന്ധപ്പെടുത്തി കോൺഗ്രസിലെ വി.ഡി.സതീശൻ ഉന്നയിച്ച അഴിമതി ആരോപണം മന്ത്രിമാരായ എം.എം. മണിയും ഡോ.തോമസ് ഐസക്കും നിഷേധിച്ചു. ഇക്കാര്യത്തിൽ ഒരന്വേഷണവുമില്ലെന്ന് തോമസ് ഐസക്കിന്റെ വക ഉറച്ച നിലപാട്.