കൊച്ചി- നഗരസഭാ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് 13 ന് നടക്കാനിരിക്കേ കോർപറേഷൻ ഭരണ സമിതിയിൽ പ്രതിസന്ധി രൂക്ഷമാക്കി വനിതാ കൗൺസിലറുടെ ചുവടുമാറ്റം. സൗമിനി ജെയിനെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിനുള്ള പിന്തുണ പിലവലിക്കുന്നതായി കൗൺസിലറായ ഗീതാ പ്രഭാകർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് എത്തിയത്. മേയറെ മാറ്റുന്നത് സംബന്ധിച്ച് ഗ്രൂപ്പ് തിരിഞ്ഞുള്ള ചേരിപ്പോര് യു.ഡി.എഫ് ഭരണത്തിന് തന്നെ അവസാനമാകുന്ന സ്ഥിതിയിലേക്കാണ് നയിക്കുന്നത്. എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് കൗൺസിലർ സ്ഥാനം രാജിവെച്ചതോടെ ഒരേയൊരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് നിലവിൽ യു.ഡി.എഫ് കൊച്ചി കോർപറേഷൻ ഭരിക്കുന്നത്. സൗമിനി ജെയിനിനെ മേയർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുന്നതായി കൗൺസിലറായ ഗീതാ പ്രഭാകർ വാർത്താ സമ്മേളനം വിളിച്ച് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ പത്തു മാസം മാത്രം ശേഷിക്കേ ഭരണ മാറ്റം ആവശ്യമില്ലെന്ന് ഗീതാ പ്രഭാകർ പറഞ്ഞു. രണ്ടര വർഷത്തിനു ശേഷം മേയറെ മാറ്റാൻ ധാരണയുണ്ടെന്ന കാര്യം താനുൾപ്പെടെയുള്ള കൗൺസിലർമാരെ ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിച്ചില്ല. ഈ സാഹചര്യത്തിലാണ് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ കൗൺസിലർ സ്ഥാനം രാജിവെയ്ക്കാൻ ഉദ്ദേശ്യമില്ല. അതേസമയം സൗമിനി മേയറായി തുടരുമെന്ന് ഉറപ്പ് ലഭിച്ചാൽ ഭരണ സമിതിക്ക് പൂർണ പിന്തുണ നൽകുമെന്നും ഗീതാ പ്രഭാകർ പറഞ്ഞു. നമ്പ്യാപുരം ഡിവിഷനിൽനിന്ന് കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ഗീത മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ആണ് പിന്തുണച്ചത്. വിമതയായി മത്സരിച്ചതിന് ആറു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ പാർട്ടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്തുണ പിൻവലിക്കുന്നത് 13 ന് നടക്കുന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് പ്രതികരിക്കാൻ ഗീത വിസമ്മതിച്ചു. സ്വാതന്ത്ര്യ സമര സേനാനിയുടെ മകളായ താൻ ഒരിക്കലും കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിൽ ചേരില്ലെന്നും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് പിന്നീട് അറിയിക്കുമെന്നും അവർ പറഞ്ഞു.
ആകെ 74 ഡിവിഷനുകളാണ് കൊച്ചി കോർപറേഷനിലുള്ളത്. ഇതിൽ ടി.ജെ. വിനോദ് രാജിവെച്ചതോടെ 73 അംഗങ്ങളാണ് നിലവിൽ കോർപറേഷനിലുള്ളത്. ഇതിൽ യു.ഡി.എഫിന് 37 അംഗങ്ങളുടെ പിന്തുണയാണുള്ളത്. എൽ.ഡി.എഫിന് 34 ഉം. രണ്ട് പേർ ബി.ജെ.പി പ്രതിനിധികളാണ്. കൗൺസിലിൽ ഭരണ സമിതിയുടെ പ്രവർത്തനത്തെ ശക്തമായി എതിർക്കുന്ന ബി.ജെ.പി കൗൺസിലർമാർ ഇതുവരെ പിന്തുണ ആർക്കെന്ന് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ആരോഗ്യ, ധനകാര്യ സ്ഥിരം സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോടൊപ്പം നിലയുറപ്പിച്ച ബി.ജെ.പി ഇത്തവണയും നിലപാട് തുടരാനാണ് സാധ്യത. ഗീതാ പ്രഭാകർ പിന്തുണ നൽകില്ലെന്ന് പ്രഖ്യാപിച്ച് സ്ഥിതിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം യു.ഡി.എഫിന് നഷ്ടമായേക്കും