Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക്  ചരക്കുകപ്പൽ: ആദ്യ സർവീസ് 12 ന്‌

കണ്ണൂർ - സംസ്ഥാനത്ത് ജലമാർഗമുള്ള ചരക്കുഗതാഗതം ശക്തിപ്പെടുത്താനുള്ള സർക്കാർ പദ്ധതികളുടെ ഭാഗമായി ആദ്യഘട്ട പ്രതിദിന കപ്പൽ സർവീസ് കണ്ണൂരിലെ അഴീക്കലിൽ നിന്ന് കൊച്ചിയിലേക്ക് 20 ന് ആരംഭിക്കും. അഴീക്കലിൽനിന്ന് കൈത്തറി, പ്ലൈവുഡ് തുടങ്ങിയവയാണ്  കൊച്ചിയിലെത്തിക്കുക. കൊച്ചിയിൽനിന്ന് ടൈൽസ് ഉൾപ്പെടെയുള്ള കെട്ടിട നിർമാണ വസ്തുക്കളാണ് തിരികെ കൊണ്ടുവരിക.
അഴീക്കലിൽ നിന്നു പുറപ്പെടുന്ന കപ്പൽ ബേപ്പൂരിലും അടുക്കും. അഴീക്കലിലെ ഡ്രഡ്ജിംഗ് ഒരാഴ്ചയ്ക്കകം പൂർത്തിയാകും. 
മാരിടൈം ബോർഡ് അധികൃതർ അഴീക്കൽ സന്ദർശിച്ചു കഴിഞ്ഞു. നേരത്തെ പേരിനു മാത്രമായിരുന്ന സർവീസാണ് പ്രതിദിനമാക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള പ്രമുഖ ഷിപ്പിംഗ് കമ്പനിയായ ശ്രീകൃഷ്ണ ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. 22 കപ്പലുകൾ ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കും.
കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചായിരിക്കും കണ്ടെയ്‌നർ കപ്പലുകളുടെയും ബാർജുകളുടെയും സർവീസ്. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ 17 നോൺമേജർ തുറമുഖങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തും.
ചരക്കുകടത്ത് കൂലിയിൽ ഗണ്യമായ കുറവ്, തൊഴിലവസരങ്ങളുടെ വർധന, അന്തരീക്ഷ മലിനീകരണം കുറയും, വാണിജ്യ മേഖലയുടെ വികസനം തുടങ്ങി നിരവധി നേട്ടങ്ങൾ ഇതിലൂടെ സാധ്യമാവും. റോഡ്, റെയിൽ മാർഗമുള്ള ചരക്കുനീക്കത്തിന് ചെലവേറിയ സാഹചര്യത്തിൽ കപ്പൽ ഗതാഗതത്തിന് മികച്ച സാധ്യതകളുണ്ട്. കേരളത്തിന്റെ വാണിജ്യ, വ്യാപാര, വ്യവസായ മേഖലകളിൽ ഏറെ വികസനം കൈവരിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് കേരള മാരിടൈം ബോർഡിന്റെ പ്രതീക്ഷ.

 

Latest News