Sorry, you need to enable JavaScript to visit this website.

ആരാധനകളിലും ആഘോഷങ്ങളിലും ശബ്ദമലിനീകരണം ഒഴിവാക്കണം -സുന്നീ യുവജന വേദി

മലപ്പുറം - വിവിധ മതവിഭാഗങ്ങൾ  ഇടകലർന്നു  ജീവിക്കുന്ന  ബഹുമുഖ സമൂഹത്തിൽ ആരാധനകളിലും നബിദിനമടക്കമുള്ള ആഘോഷങ്ങളിലും ശബ്ദമലിനീകരണവും  ഇതരർക്ക്  പ്രയാസം വരുത്തുന്ന ആഘോഷ രീതികളും ഉപേക്ഷിക്കാൻ മഹല്ലു നേതൃത്വങ്ങളും  സംഘടന ഭാരവാഹികളൂം ബദ്ധശ്രദ്ധ ചെലുത്തണമെന്ന് സുന്നീ യുവജന വേദി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി   ആവശ്യപ്പെട്ടു. നബിദിനാഘോഷം പുണ്യകർമ്മമാണ്. എന്നാൽ അതോടനുബന്ധിച്ചുള്ള പരിപാടികളിൽ  പള്ളി  മദ്രസകളിൽനിന്ന്  ഇതരർക്ക് പ്രയാസവും ശബ്ദമലിനീകരണവും സൃഷ്ടിക്കുന്നവിധം ഉച്ചത്തിൽ  ഉച്ചഭാഷിണി  ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിച്ചേ മതിയാവൂ.  സഞ്ചാരവും ഗതാഗതവും തടസ്സപ്പെടുത്തുന്ന  രീതികളും അവസാനിപ്പിക്കണമെന്നും സംഘടന നേതൃത്വങ്ങൾ വർത്തമാന സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും സുന്നീ വേദി ആവശ്യപ്പെട്ടു.
നിർബന്ധ ആരാധനകളിൽ പോലും ഉച്ചഭാഷിണി ഉപയോഗം ഇസ്‌ലാം  പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രമല്ല , ഇതരർക്കു പ്രയാസം വരുത്തുന്ന രീതിയിൽ അവ നിർവ്വഹിക്കുന്നതിനെ ശക്തമായി വിലക്കുകയും ചെയ്തിട്ടുണ്ട്.    എന്നിരിക്കെ ,  ഇക്കാര്യങ്ങളിൽ  അനാവശ്യ ആവേശം കാണിക്കുന്നത് ഭൂഷണമല്ല.   ആരാധനകളുടെ തനിമയും വിശുദ്ധിയും കാത്തു സൂക്ഷിക്കാനും   രാജ്യത്തെ  മത സൗഹാർദത്തിനു കോട്ടം വരുത്തുന്ന പ്രവണതകളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാനും  എല്ലാവരും തയ്യാറാകണമെന്നും വേദി ഓർമ്മിപ്പിച്ചു.
എക്‌സിക്യൂട്ടീവ് മീറ്റിൽ ജനറൽ സെക്രട്ടറി മരുത അബ്ദുല്ലത്വീഫ് മൗലവി ഉദ്ഘാടനം ചെയ്തു.


 

Latest News