കണ്ണൂർ- കേരള രാഷ്ട്രീയത്തിൽ രൂപീകരിച്ച കാലം മുതൽ വിവാദം സൃഷ്ടിച്ച സി.എം.പിയിൽ എം.വി.ആറിന്റെ കാലശേഷവും വിവാദം ഒടുങ്ങുന്നില്ല. എം.വി.ആറിന്റെ ചരമവാർഷികം ഇത്തവണ ആചരിക്കുന്നത് മൂന്ന് സി.എം.പികളാണ്. മാത്രമല്ല, എം.വി.ആറിന്റെ മൂന്ന് മക്കൾ മൂന്ന് സി.എം.പികളിലുമായി ഇതിന് നേതൃത്വം നൽകുന്നു.
സി.എം.പി (സി.പി.ജോൺ), സി.എം.പി (അരവിന്ദാക്ഷൻ) എന്നീ വിഭാഗങ്ങളും സി.പി.എമ്മിൽ ലയിച്ച മുതിർന്ന നേതാവ് പാട്യം രാജന്റെ നേതൃത്വത്തിലുള്ള വിഭാഗവുമാണ് എം.വി.ആറിന്റെ ചരമവാർഷികം ആഘോഷിക്കാനൊരുങ്ങുന്നത്.
എം.വി.ആറിന്റെ മൂത്ത മകൻ എം.വി.ഗിരീഷ് കുമാർ, സി.പി.ജോൺ വിഭാഗത്തിന്റെയും രണ്ടാമത്തെ മകൻ എം.വി.രാജേഷ് കുമാർ അരവിന്ദാക്ഷൻ വിഭാഗത്തിന്റെയും മൂന്നാമത്തെ മകൻ എം.വി. നികേഷ് കുമാർ പാട്യം രാജൻ വിഭാഗത്തിന്റെയും പരിപാടികളിൽ പങ്കെടുക്കുന്നു. സി.പി.ജോൺ വിഭാഗം എം.വി.ആറിന്റെ മരണ ശേഷം യു.ഡി.എഫിൽ ഉറച്ചുനിന്നപ്പോൾ അരവിന്ദാക്ഷൻ വിഭാഗം സി.പി.എമ്മുമായി സഹകരിച്ചു നിൽക്കുകയായിരുന്നു.
പിന്നീട് പാട്യം രാജൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ സി.പിഎമ്മിൽ ലയിക്കാൻ തീരുമാനിച്ചപ്പോൾ എം.വി.ആറിന്റെ മകൻ രാജേഷ് അടക്കം ഇതിനെ എതിർത്ത് അരവിന്ദാക്ഷൻ വിഭാഗത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അതേസമയം സി.എം.പി പോളിറ്റ് ബ്യൂറോ അംഗം മുതൽ ഏരിയാ സെക്രട്ടറി വരെയുള്ളവർ സി.പി.എമ്മിൽ ലയിച്ചുവെങ്കിലും ഇവരിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് പാർട്ടി അംഗത്വം പോലും ലഭിച്ചത്. മാതൃസംഘടനയിലേക്ക് തിരികെ പോകുന്നുവെന്നും സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ലയന സമയത്ത് ഈ വിഭാഗം പറഞ്ഞിരുന്നത്. മാത്രമല്ല, എം.വി.ആർ സ്ഥാപിച്ച സി.എം.പി ജില്ലാ കമ്മിറ്റി ഓഫീസ് ഇവർ സി.പി.എമ്മിന് പിടിച്ചുകൊടുക്കുകയും ചെയ്തു. അടുത്തിടെ ഇവിടെ സി.പി.എമ്മിന്റെ ജീവകാരുണ്യ സംഘടനയായ ഐ.ആർ.പി.സിയുടെ ജില്ലാ ഓഫീസ് ആരംഭിച്ചത് വലിയ വിവാദമായിരുന്നു.
സി.പി.എമ്മിൽ ലയിച്ച വിഭാഗം എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് അനുസ്മരണ സമ്മേളനം നടത്തുന്നത്. ഈ വർഷത്തെ എം.വി.ആർ പുരസ്‌കാരം ജമ്മു കശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിക്ക് സമ്മാനിക്കുന്നതും ഈ ചടങ്ങിലാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്ററാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സി.പി.എം നേതാക്കളും എം.വി.ആറിന്റെ മകൻ നികേഷ് കുമാറും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അരവിന്ദാക്ഷൻ വിഭാഗം പതിവുപോലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. എം.വി.ആറിനെ കട്ടവർക്കും വിറ്റവർക്കും സ്‌നേഹിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാമെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.