ഇന്ത്യയിൽ ട്രെയിൻ യാത്ര നടത്തുന്നവർ ടിക്കറ്റുകൾ നേരത്തേ കൂട്ടി ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നത് പതിവാണ്. അതിനായി പല അക്കൗണ്ടുകളും യാത്രക്കാർ ഉപയോഗിക്കാറുണ്ട്. എന്നാൽ ട്രെയിൻ യാത്രികർക്ക് ഞെട്ടൽ ഉണ്ടാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വ്യാജ അക്കൗണ്ടുകൾ വഴി വൻ തട്ടിപ്പ് നടക്കുന്നു.
12,57,500 രൂപയുടെ ടിക്കറ്റുകളാണ് റെയിൽവേ സംരക്ഷണസേന ബംഗളുരുവിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. തട്ടിപ്പ് സംഘത്തിന്റെ പീനിയ വ്യവസായ മേഖലയിലെ കേന്ദ്രത്തിൽനിന്നാണ് ടിക്കറ്റുകൾ പിടിച്ചെടുത്തത്. ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ഐആർസിടിസി വെബ്‌സൈറ്റ് വഴിയാണ്. തുടർന്ന് 30ൽ കൂടുതൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുകയായിരുന്നു. ആർപിഎഫ് സൈബർ സെല്ലാണ് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീനിയയിലെ കേന്ദ്രത്തക്കുറിച്ച് വിവരം ലഭിച്ചത്. ഇൻസ്‌പെക്ടർമാരായ ആർഡി സമുദ്രെ, അഖിലേഷ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള ആർപിഎഫ് സംഘമാണ് പരിശോധന നടത്തിയത്.