തിരുവനന്തപുരം- അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ മാവോവാദികളെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സിപിഐ. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും മുഖ്യമന്ത്രി പരിശോധിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ അനുമതിയോടെയാണോ ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് എന്ന കാര്യം പരിശോധിക്കണമെന്നാണ് ആവശ്യം. കോടതി നടപടി പുരോഗമിക്കുമ്പോൾ ഇത്തരം അഭിപ്രായപ്രകടനങ്ങൾ ശരിയല്ലെന്നും കാനം ഉണർത്തി.
ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ നിയമസഭയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. മജിസ്റ്റീരിയൽ അന്വേഷണം നടക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ചീഫ് സെക്രട്ടറി എഴുതിയ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ ലംഘനമാണെന്നും കാനം പ്രതികരിച്ചു.