കോഴിക്കോട്- മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വെച്ച കേസിൽ അറസ്റ്റിലായ വിദ്യാർഥികൾ തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസ്. എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്. സി.പി.ഐ മാവോയിസ്റ്റുകളാണെന്നാണ് ഇവർ സമ്മതിച്ചതെന്നും എഫ്.ഐ.ആറിലുണ്ട്. പിടിയിലായപ്പോൾ ഇവരുടെ കയ്യിൽനിന്ന് ലഭിച്ച ബാഗിൽ നിരവധി രേഖകളുണ്ടായിരുന്നു. കോഡ് ഭാഷയിലുള്ള കുറിപ്പും സമരങ്ങളുടെ നോട്ടീസും ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ പുസ്തകവും ലഭിച്ചു. കേന്ദ്ര സർക്കാർ യു.എ.പി.എ നിയമപ്രകാരം നിരോധിച്ച പുസ്തകമാണ് ഇതെന്നുമാണ് പോലീസ് നിലപാട്. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. അതേസമയം, അലൻ ഷുഹൈബിനും താഹ ഫൈസലിനുമെതിരെ യു.എ.പി.എ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അലൻ ഷുഹൈബിനെതിരെ കൂടുതൽ തെളിവുകളും പോലീസ് പുറത്തുവിട്ടു. പതിനഞ്ച് വയസുമുതൽ അലൻ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ. തീവ്രസ്വഭാവമുള്ള സംഘടനകളോട് ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.