ജിദ്ദ- നാല് പതിറ്റാണ്ടു കാലത്തെ പ്രവാസം മതിയാക്കി കിഴക്കന്‍ ഏറനാട്ടില്‍ നിന്നുള്ള ആദ്യകാല പ്രവാസി ദമ്പതികള്‍ നാട്ടിലേക്ക്. മലപ്പുറം വണ്ടൂരിനടുത്തുള്ള ചെറുകോട് സ്വദേശി അയ്യൂബ് പത്തുതറയും പ്രിയതമ പാണ്ടിക്കാട് അരിക്കണ്ടംപാക്ക് സ്വദേശി നൂര്‍നിഷയുമാണ് നാളെ പ്രവാസ ജീവിതത്തോട് വിട പറയുന്നത്. അയ്യൂബ് അല്‍ മുഷ്തറഖ കമ്പനിയിലെ അക്കൗണ്ടന്റ് സ്ഥാനത്ത് നിന്നാണ് വിരമിച്ചത്.
ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി സെക്ഷന്‍ ഹെഡ് മിസ്ട്രസ് സ്ഥാനത്ത് നിന്ന് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് നൂര്‍നിഷ വിരമിച്ചത്.
1981 മാര്‍ച്ച് ഒന്നിന് ഷറഫിയയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അയ്യൂബ് ആദ്യ കാലത്ത് താല്‍ക്കാലിക ജോലികളിലേര്‍പ്പെട്ട് 1982 മുതല്‍ ഓറിയന്റല്‍ കൊമേഷ്യല്‍ ഷിപ്പിംഗ് കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്തു. സഹോദര സ്ഥാപനമായ അല്‍മുഷ്തറഖയില്‍ അക്കൗണ്ടന്റായി ജോലിയില്‍ തുടര്‍ന്നു. ബലദിലെ പള്ളിക്കടുത്തായിരുന്നു ഓഫീസ്. വണ്ടൂര്‍ക്കാരുടെ അക്കാലത്തെ താമസ കേന്ദ്രമായ ബാബ്ഷരീഫിലെ പോലീസ് സ്റ്റേഷന് പിന്നിലെ ഫ്‌ളാറ്റിലാണ് അക്കാലത്ത് താമസിച്ചത്. ജോലി ചെയ്യുന്നതിന്റെ സൗകര്യമോര്‍ത്ത് കിലോ അഞ്ചിലും റുവൈസിലും കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലമായി അസീസിയയില്‍ ഗേള്‍സ് സ്‌കൂളിനടുത്താണ് താമസം. 1986ല്‍ വിവാഹിതനായ അയ്യൂബിന്റെ ഭാര്യ കുറ്റിരി നൂര്‍നിഷ സന്ദര്‍ശക വിസയില്‍ വര്‍ഷാവസാനം ജിദ്ദയിലെത്തി. പിന്നീട് 1990ല്‍ താമസ വിസയില്‍ വീണ്ടും ജിദ്ദയിലെത്തി. സൗദി കെ.എം.സി.സി സാരഥി ടി.എം.എ റഊഫ് മുന്‍കൈയെടുത്ത് തുടങ്ങിയ റുവൈസില്‍ ബാറോം സെന്ററിനടുത്ത് ഇസ്‌ലാമിക് സെന്റര്‍ അക്കാദമി സ്ഥാപിക്കുന്നതില്‍ നൂര്‍നിഷ നിര്‍ണായക പങ്ക് വഹിച്ചു. 1992 ഓഗസ്റ്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി സെക്ഷനില്‍ ചേര്‍ന്നു. ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ പുതിയ തലമുറയ്ക്ക് അറിവിന്റെ ആദ്യാക്ഷരം പകരുന്നതില്‍ ആഹ്ലാദം കണ്ടെത്തി. മകള്‍ നദ സുഹൈല്‍ കാനഡയിലെ ടോറന്റോയിലാണ്. എം.ബി.എ ബിരുദധാരിയായ മകന്‍ നസീം വിദേശ ഉപരിപഠനത്തിനുള്ള തയാറെടുപ്പിനായി അടുത്തിടെ ദല്‍ഹിയിലേക്ക് തിരിച്ചു. ജിദ്ദ ആര്‍എസ്എം ഇന്റര്‍നാഷണല്‍ സിഎ ഓഡിറ്റര്‍ ആയിരുന്നു മകന്‍ നസീം അയ്യൂബ്.
ജിദ്ദയിലെത്തിയ കാലത്ത് സ്വന്തമായി കാറുള്ള മലയാളി താനായിരുന്നുവെന്ന് അയ്യൂബ് അനുസ്മരിച്ചു. ഇപ്പോള്‍ ജിദ്ദയില്‍ കാറില്ലാത്ത മലയാളികള്‍ അപൂര്‍വമായിരിക്കുന്നു. എന്നാല്‍ എണ്‍പതുകളിലെ പ്രവാസിയുടെ കാഴ്ചപ്പാടും പുതിയ തലമുറയുടേതും തമ്മില്‍ കാര്യമായ അന്തരമുണ്ട്.
പ്രാരബ്ധങ്ങളുടെ നടുക്കടലില്‍ നിന്ന് പ്രവാസം തെരഞ്ഞെടുത്തവരാണ് ആദ്യ കാലത്തെത്തിയവര്‍. നാട്ടിലെ പള്ളിയും ക്ഷേത്രവും അയല്‍പക്കക്കാരും കുടുംബവും പ്രയാസം അനുഭവിക്കുന്നവരുമെല്ലാം അവരുടെ മനസ്സിലുണ്ടായിരുന്നു. ഇപ്പോഴാകട്ടെ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ഓര്‍ക്കാന്‍ പോലും ആര്‍ക്കും നേരമില്ലാതായി. ജിദ്ദയിലെ ആദ്യകാല പ്രവാസി യാത്ര ചെയ്യാന്‍ മഞ്ഞ ടാക്‌സിയേയും ദബാബിനേയും ആശ്രയിച്ചു. കാറില്ലാത്തവര്‍ക്ക് പോലും വിരല്‍ തുമ്പില്‍ യഥേഷ്ടം ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇപ്പോള്‍ ലഭ്യമാണ്. സൗകര്യങ്ങള്‍ കൂടി. താമസിക്കുന്നിടത്തെ മാലിന്യം പൊന്തുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ പ്രവാസികളുടെ പുതിയ തലമുറയ്ക്ക് കേട്ടറിവ് മാത്രമുള്ള കാര്യമാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളായപ്പോള്‍ മൂല്യങ്ങള്‍ ചോര്‍ന്നു പോയത് കാര്യമായ ന്യൂനതയാണ്-അയ്യൂബ് വാചാലനായി. സിഫ്, സെസ, സിജി, കേരളകലാസാഹിതി എന്നീ കൂട്ടായ്മകളില്‍ അയ്യൂബ് സജീവമായിരുന്നു. പ്രവാസം പകര്‍ന്നു തന്ന അനുഭവങ്ങള്‍ എന്തായാലും വിലപ്പെട്ടതാണ്. ഇരുവര്‍ക്കും മകനും റസിഡന്റ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. നൂര്‍നിഷ ടീച്ചര്‍ക്ക് ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപകരുടെ മലയാളി കൂട്ടായ്മയായ കോഓപ്പറേറ്റീവ് വെല്‍ഫെയര്‍ ഫണ്ട് (കൗഫ്) യാത്രയയപ്പ് നല്‍കി. അയ്യൂബ് പത്തുതറയെ 050 438 4924 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.