കൊച്ചി- കലൂർ രാജ്യാന്തര സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോരിറ്റിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ബ്ലാസ്റ്റേഴ്‌സിനെതിരെ ജി.സി.ഡി.എ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾ വാസ്തവത്തിന് നിരക്കാത്തതാണെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
നാലാം സീസണിന് ശേഷം സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ജി.സി.ഡി.എ കണക്കാക്കിയത് 53 ലക്ഷമാണെന്നും ഇതിൽ 24 ലക്ഷം രൂപ ജി.സി.ഡി.എക്ക് നൽകിയെന്നും ക്ലബ് അധികൃതർ പറഞ്ഞു. ശേഷമുള്ള അറ്റകുറ്റപ്പണികൾക്കായി ജി.സി.ഡി.എ നൽകിയ എസ്റ്റിമേറ്റ് തുക യഥാർഥ എസ്റ്റിമേറ്റിനേക്കാൾ ഭീമമായതിനാൽ (28.7 ലക്ഷം) ബാക്കി പണികൾ ക്ലബ് നേരിട്ട് നടത്തുകയായിരുന്നു. എന്നിട്ടും പണം നൽകാനുണ്ടെന്ന വാദഗതി വാസ്തവ വിരുദ്ധമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
അഞ്ചാം സീസണ് ശേഷം ജി.സി.ഡി.എ മെയ്ന്റനൻസ് തുക കണക്കാക്കിയത് നാലാം സീസണ് ശേഷം ആവശ്യപ്പെട്ട തുകകൂടി ചേർത്താണ്. അതാണ് ബ്ലാസ്റ്റേഴ്സ് നൽകാനുണ്ടെന്ന് ജി.സി.ഡി.എ അവകാശപ്പെടുന്ന 48.89 ലക്ഷം. മാത്രമല്ല ഐ.എസ്.എൽ ആറാം സീസണിലേക്കായി സ്റ്റേഡിയം ക്ലബിന് വിട്ടുനൽകേണ്ട ഒക്ടോബർ ഒന്നിന് രണ്ടു ദിവസം മുമ്പു മാത്രമാണ് ജി.സി.ഡി.എ ഡാമേജ് റിപ്പോർട്ട് നൽകിയത്. തുടർന്ന് ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, ഇലക്ട്രിക്കൽ എന്നിവയിലെ അറ്റകുറ്റപ്പണികൾ ക്ലബ് തന്നെ നടത്തി സ്റ്റേഡിയം ഉപയോഗ യോഗ്യമാക്കുകയായിരുന്നു.
വെള്ളം, വൈദ്യുതി, പാർക്കിംഗ് എന്നിവക്കായി ജി.സി.ഡി.എ കണക്കാക്കിയ 11.79 ലക്ഷം മാത്രമാണ് ക്ലബ് നൽകാനുള്ളത്. അത് നൽകാൻ ക്ലബ് തയ്യാറുമാണ്. ഐ.എസ്.എൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പ് കരാറിൽ ഒപ്പിട്ടില്ലെന്ന വാദമുയർത്തുന്ന ജി.സി.ഡി.എ അതിനുള്ള സാഹചര്യം പരിശോധിക്കണമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടു. അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സ് ജി.സി.ഡി.എക്ക് ഓരോ കളിക്കും വാടകയിനത്തിൽ നൽകിയിരുന്ന തുക അഞ്ചു ലക്ഷവും നികുതിയുമായിരുന്നു. എന്നാൽ ഈ വർഷം ജി.സി.ഡി.എ യാതൊരു അറിയിപ്പും കൂടാതെ വാടക 20 ശതമാനം വർധിപ്പിച്ച് ആറ് ലക്ഷമാക്കി. ഈ വർധന ഒഴിവാക്കി അനുഭാവ പൂർവം പരിഗണിക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യത്തിൽ തീരുമാനമാകാത്തതാണ് കരാർ ഒപ്പിടുന്നത് വൈകാൻ കാരണം. എങ്കിലും കഴിഞ്ഞ സീസണിലെ വാടകയായ അഞ്ച് ലക്ഷം കണക്കാക്കി ക്ലബ് കഴിഞ്ഞ രണ്ട് കളികൾക്കായി 10 ലക്ഷം രൂപയും നികുതിയും ജി.സി.ഡി.എക്ക് നൽകിയിട്ടുണ്ട്. ഗോൾ കീപ്പിംഗ് സെഷൻ, സെലക്ഷൻ ട്രയൽസ് എന്നിവക്കായി സൗജന്യമായി മൈതാനം വിട്ടുനൽകി എന്നാണ് ജി.സി.ഡി.എ അവകാശപ്പെടുന്നത്. എന്നാൽ വർഷം പൂർണമായും മൈതാനത്തിന്റെ മെയ്ന്റനൻസ് നടത്തുന്നത് ക്ലബാണ്. ക്ലബ് മികച്ച രീതിയിൽ രാജ്യാന്തര നിലവാരത്തിൽ പരിപാലിക്കുന്ന മൈതാനത്തിന് 2018 ലെ അഞ്ചാം സീസണിൽ 'ബെസ്റ്റ് പിച്ച് ഇൻ ഇന്ത്യ അവാർഡ്' ലഭിച്ചതായും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി.
സ്റ്റേഡിയത്തിനൊപ്പം കളികളുള്ള ദിനങ്ങളിൽ പാർക്കിംഗ് സ്ഥലം സൗജന്യമായി വിട്ടുനൽകി എന്ന വാദവും തെറ്റാണ്. സൗജന്യമായി സ്റ്റേഡിയത്തോടൊപ്പം ലഭ്യമാക്കേണ്ട പാർക്കിംഗ് സ്ഥലത്തിനാണ് 2.36 ലക്ഷം നൽകാൻ ജി.സി.ഡി.എ ആവശ്യപ്പെട്ടിട്ടുള്ളത്.
കോംപ്ലിമെന്ററി പാസുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന ജി.സി.ഡി.എ വാദം തെറ്റാണെന്നതിന് രേഖകൾ തെളിവാണ്. അഞ്ചാം സീസണിൽ ഒപ്പുവെച്ച ഉടമ്പടിയിൽ ഓരോ ജി.സി.ഡി.എ ജീവനക്കാർക്കും എല്ലാ കളികളും കാണാനുള്ള അവസരവും അവരോടൊപ്പം ഓരോ അതിഥികൾക്ക് പ്രവേശനവും ജി.സി.ഡി.എ ആവശ്യപ്പെട്ടിട്ടുണ്ട്. 2,400 ടിക്കറ്റുകൾ ഈ നിലയിൽ ഓരോ കളികൾക്കും നൽകുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി.