Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിന് നാളെ തുടക്കം; ആദ്യ മത്സരം കേരളം x ആന്ധ്ര


കോഴിക്കോട് - സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിന് നാളെ തുടക്കം. കേരളവും ആന്ധ്രയും തമ്മിലാണ് ആദ്യ മത്സരം. നവംബർ പത്ത് വരെ നടക്കുന്ന മത്സരങ്ങൾ വൈകുന്നേരം നാല് മണിക്കായാണ് ക്രമീകരിച്ചിരിക്കുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
കേരളം, ആന്ധ്ര, തമിഴ്‌നാട് ടീമുകൾ എ ഗ്രൂപ്പിലും പുതുച്ചേരി, കർണാടക, തെലങ്കാന ടീമുകൾ ബി ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് ജേതാക്കൾ ഫൈനൽ റൗണ്ടിലെത്തും. ദേവഗിരി കോളേജ് ഗ്രൗണ്ടിലും ഫറോക്ക് ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലുമാണ് ടീമുകളുടെ പരിശീലനം.
ബിനോയ് ജോർജ് പരിശീലിപ്പിക്കുന്ന കേരള ടീമിൽ ക്യാപ്റ്റൻ വി.മിഥുൻ അടക്കം രണ്ട് മുൻ സന്തോഷ് ട്രോഫി താരങ്ങളുണ്ട്. 
പ്രൊഫഷണൽ ക്ലബുകളിലെ റിസർവ് ടീമിൽ നിന്നാണ് കളിക്കാരിൽ അധികവും. ചെന്നൈ എഫ്.സി, ബംഗളൂരു എഫ്.സി, ഗോകുലം കേരള ടീമുകളിലെ പുതുമുഖ നിരക്കൊപ്പം എസ്.ബി.ഐയുടെയും കേരള പോലീസിന്റെയും പരിചയസമ്പന്നരായ കളിക്കാരും ടീമിലുണ്ട്. എഫ്.സി ഗോവ, ഗോകുലം, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിച്ചതിന്റെ ഗുണം ലഭിക്കുമെന്നാണ് കേരള ടീമിന്റെ പ്രതീക്ഷ. 
യോഗ്യതാ മത്സരങ്ങൾ കോഴിക്കോട്ട് നടത്താനായിരുന്നു കേരള ഫുട്‌ബോൾ അസോസിയേഷൻ ആദ്യം ആലോചിച്ചത്. എന്നാൽ കഴിഞ്ഞ മാസം 14 ന് മത്സരങ്ങൾ നടത്തണമെന്ന അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ നിർദേശം കണക്കിലെടുത്ത് കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. പിന്നീട് മത്സര തിയ്യതികളിൽ മാറ്റം വരുത്തിയതോടെയാണ് കോഴിക്കോട്ട് തന്നെ നടത്തുവാൻ സാധിച്ചത്. 
ഫൈനൽ റൗണ്ടിലേക്ക് കേരളം യോഗ്യത നേടിയാൽ മത്സരവേദി കോഴിക്കോട്ടാക്കാൻ ആവശ്യമുന്നയിക്കുമെന്ന് കെ.എഫ്.എ ഭാരവാഹികൾ പറഞ്ഞു. 2017 ൽ കോഴിക്കോട്ട് ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് നടന്നപ്പോൾ കേരളം യോഗ്യത നേടിയിരുന്നു. 
വാർത്താ സമ്മേളനത്തിൽ കെ.എഫ്.എ പ്രസിഡന്റ് ടോം കുന്നേൽ, സെക്രട്ടറി പി.അനിൽകുമാർ, കോഴിക്കോട് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ടി.സി.അഹമ്മദ്, ട്രഷറർ അബ്ദുൽ അസീസ് ആരിഫ് സംബന്ധിച്ചു.


 

Latest News