അബുദാബി- ഭാഗ്യനറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ ദുബായ് കീഴടക്കുന്നത് ഇതാദ്യമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യ, ഇന്ത്യ എന്ന വിളികള്‍ക്ക് മാത്രമായിരുന്നു സ്ഥാനം. ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. നറുക്കെടുപ്പിലെ 11 വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ പകുതിയിലേറെയും മലയാളികള്‍. സമ്മാനവിവരം അറിയിക്കാന്‍ ശ്രീനു ശ്രീധരന്‍ നായരെ വിളിച്ചപ്പോള്‍ ആദ്യം നമ്പര്‍ തെറ്റാണെന്നായിരുന്നു മറുപടി.
മറ്റൊരു നമ്പറില്‍ വിളിച്ചപ്പോള്‍ സ്ഥലത്തില്ലെന്നും അര മണിക്കൂറിനു ശേഷം വിളിക്കാനും ആവശ്യപ്പെട്ടു. വിജയി യു.എ.ഇയില്‍ താമസക്കാരനല്ലെന്നാണ് പ്രാഥമിക വിവരം. ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് (കൂപ്പണ്‍ 098165) ഭാഗ്യം കൈവന്നത്. രണ്ടാം സമ്മാനമായ ബി.എം.ഡബ്ല്യു സീരീസ് 9 ലഭിച്ചത് നിഷാദ് ഹമീദിന്.
സാഹിര്‍ ഖാന്‍ (ഒരു ലക്ഷം ദിര്‍ഹം), സിദ്ദീഖ് ഒതിയോരത്ത് (90,000), അബ്ദുല്‍ റഷീദ് കോടാലിയില്‍ (70,000), രാജീവ് രാജന്‍ (50,000), ജോര്‍ജ് വര്‍ഗീസ് (30,000), സജിത്കുമാര്‍ സദാശിവന്‍ നായര്‍, പെച്ചിമുത്തു കാശിലിംഗം (20,000 ദിര്‍ഹം വീതം), ശ്രീകാന്ത് നായിക്, അരുണ്‍ ബാബു (10,000 ദിര്‍ഹം വീതം) എന്നിവരാണ് മറ്റു ഭാഗ്യശാലികള്‍.