കണ്ണൂർ-ഓൺലൈൻ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ശ്രീകണ്ഠപുരം ചേപ്പറമ്പിലെ നബീൻ അരയാക്കീൽ വീട്ടിൽ ഉമേഷ്(36), ഐച്ചേരിയിലെ കാറ്റാടത്ത് അസീൻ മൊയ്തീൻ (30) എന്നിവരെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റു ചെയ്തത്.
ബംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ അശ്വിന്റെ പരാതിയിലാണ് നടപടി. അശ്വിനും ഉമേഷും ക്യൂ നെറ്റ്
എന്ന ഓൺലൈൻ മാർക്കറ്റിംഗിന്റെ ഏജന്റുമാരായി പ്രവർത്തിച്ചു വരികയായിരുന്നു. അസീൻ ഗൾഫിലാണ് ജോലി ചെയ്യുന്നത്.
ഓൺലൈൻ മാർക്കറ്റിംഗിന്റെ ഭാഗമായി അസീനും ഉമേഷും അശ്വിന് രണ്ട് ലക്ഷം രൂപ നൽകിയിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇരട്ടിയായി തിരിച്ചു തരുമെന്നായിരുന്നുവത്രേ വാഗ്ദാനം. എന്നാൽ പണം ഇരട്ടിയായി തിരിച്ചു ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ഇവർ അശ്വിനെ ശ്രീകണ്ഠാപുരത്തേക്ക് വിളിച്ചു വരുത്തി. കൂടുതൽ പേരെ നെറ്റ് മാർക്കറ്റിംഗിൽ ചേർക്കാനുണ്ടെന്ന് പറഞ്ഞാണ് വരുത്തിയത്. ബംഗളുരുവിൽനിന്ന് കാറിലെത്തിയ അശ്വിനെ ഒരു റിസോർട്ടിൽ താമസിപ്പിക്കുകയും രാത്രി ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും, അഞ്ച് ലക്ഷം രൂപ ഓൺലൈനായി അസീന്റെയും ഉമേഷിന്റെയും അക്കൗണ്ടിലേക്ക് മാറ്റിക്കുകയും ചെയ്തു. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബംഗളുരുവിൽ തിരികെയെത്തി ഏറെനാൾ ചികിത്സക്കു ശേഷമാണ് അശ്വിൻ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കു പരാതി നൽകിയത്.
ഈ പരാതി അന്വേഷണത്തിനായി ശ്രീകണ്ഠപുരം പോലീസിന് കൈമാറുകയായിരുന്നു. കേസിൽ പ്രതികളുടെ കൂട്ടാളികളായ രണ്ട് യുവാക്കളെ കൂടി പിടികിട്ടാനുണ്ട്. ഇവർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.