Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന്റെ ഭീകരമുഖം ഒരിക്കൽ കൂടി വ്യക്തമായി -സതീശൻ പാച്ചേനി

പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ  കഴിയുന്ന സയ്യിദിനെ സതീശൻ പാച്ചേനി സന്ദർശിക്കുന്നു.

കണ്ണൂർ -കൂത്തുപറമ്പിന് സമീപം പാട്യം മുതിയങ്ങയിൽ  കോൺഗ്രസ് പ്രവർത്തകൻ എം. സയ്യിദിന്റെ രണ്ട് കാലുകളും ഒരു കൈയ്യും അടിച്ചൊടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലൂടെ സി.പി.എമ്മിന്റെ ഭീകരമുഖം ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണെന്നും ജനജീവിതത്തിന് ഭീഷണിയായി  സി.പി.എം പ്രവർത്തിക്കുകയാണെന്നും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു.
സയ്യിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പാട്യം മുതിയങ്ങയിൽ വെച്ച് പാട്യത്തെ ബിസ്മില്ല മൻസിലിൽ താമസിക്കുന്ന സയ്യിദിന്റെ കാറിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തിരുന്നു.  സംഭവ സമയം 
കാറിലുണ്ടായിരുന്ന മകളുടെ കണ്ണിന് ചില്ല് തെറിച്ചു പരിക്കേറ്റു.  സംഭവവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും നാലു സി.പി.എം പ്രവർത്തകരെ  അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുതിയങ്ങയിലെ സി. ഷിനോജ് എന്ന മണി, കെ. രാഗിൻ, കെ. രജീഷ്, എം. വി. ഷിജിൻ എന്നിവരെയാണ് കതിരൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ പാട്യം മുതിയങ്ങ ടൗണിൽ ചായക്കടയിൽ ഇരിക്കുമ്പോഴാണ് സി.പി.എം പ്രവർത്തകർ ക്രൂരമായി വീണ്ടും ആക്രമിച്ച് കൈകാലുകൾ അടിച്ചൊടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചതാണ് വൈരാഗ്യത്തിന് കാരണമായി പറയപ്പെടുന്നത്.
ഭരണത്തിന്റെ ഹുങ്കിൽ ആരെയും ഏത് സമയത്തും എന്തും ചെയ്യുന്ന ക്രിമിനൽ സംഘമായി സി.പി.എം അധഃപതിച്ചിരിക്കുകയാണ്.പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

 

Latest News