തിരുവനന്തപുരം- ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍. മറ്റ് തടവുകാര്‍ പരോളിന് അപേക്ഷിച്ച് ദീവസങ്ങളോളം കാത്തിരിക്കുമ്പോഴാണ് ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് അപേക്ഷിച്ചാല്‍ ഉടന്‍ പരോള്‍ അനുവദിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് യഥേഷ്ടം പരോള്‍ അനുവദിച്ചിരിക്കുന്നത്. സി.പി.എം ഏരിയാ കമ്മറ്റി അംഗമായ പി.കെ. കുഞ്ഞനന്തനാണ് കൂടുതല്‍ പരോള്‍ അനുവദിച്ചത്. 257 ദിവസത്തെ പരോളാണ് ഇയാള്‍ക്ക് അനുവദിച്ചത്. ഒരു പ്രതിക്ക് ഒരു വര്‍ഷം 60 ദിവസത്തെ പരോളിനാണ് അര്‍ഹതയുള്ളത്. അപ്പോഴാണ് കുഞ്ഞനന്തന് ഇത്രയും ദിവസത്തെ പരോള്‍ അധികമായി അനുവദിച്ചത്. പരോളിലിറങ്ങി സി.പി.എം നേതാക്കള്‍ക്കൊപ്പം വിവാഹ സല്‍ക്കാരങ്ങളില്‍ പങ്കെടുത്ത് വിവാദത്തിലായ മുഹമ്മദ്ഷാഫിക്ക് 135 ദിവസം പരോള്‍ നല്‍കി. കൊടി സുനിക്ക് 60 ദിവസവും അനൂപിന് 120 ദിവസവും പരോള്‍ ലഭിച്ചു. ഷിനോജ്- 105, കിര്‍മാണി മനോജ് -120, സിജിത്ത്- 186, റഫീക്ക്- 125, കെ.സി. രാമചന്ദ്രന്‍- 205, ടി.കെ. രജീഷ് -90, സി. മനോജ് -117 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത്. രജീഷിനും സുനിക്കും ഒഴികെ മറ്റെല്ലാപേര്‍ക്കും അടിയന്തിര പരോളും ലഭിച്ചിട്ടുണ്ട്. നിയമസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.