തിരുവനന്തപുരം- കോളെജിന്റെ പടി കാണാത്ത കെ.എം ഷാജിക്ക് തന്നെ വിമർശിക്കാൻ അവകാശമില്ലെന്ന് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി കെ.ടി ജലീൽ മാപ്പു പറഞ്ഞു. തനിക്കെതിരായ ജലീലിന്റെ പരാമർശത്തിൽ കെ.എം ഷാജി എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് ജലീൽ മാപ്പു പറഞ്ഞത്.
താനും ജലീലും ഒരേ കോളേജിൽനിന്നാണ് പ്രീഡിഗ്രി പൂർത്തിയാക്കിയതെന്നും അത് കോളെജല്ലെന്ന് ജലീലിന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം ബിരുദം മന്ത്രി പരിശോധിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയല്ലെന്ന സിനിമാ ഡയലോഗും ഷാജി എടുത്തുദ്ധരിച്ചു. തെരുവു പ്രാസംഗികാനാണെന്ന ജലീലിന്റെ വാദം അംഗീകരമായി കാണുന്നു. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ ബി.ബി.എ കോഴ്‌സ് പഠിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ പരാമർശം രേഖയിൽനിന്ന് നീക്കരുതെന്നും ഷാജി ആവശ്യപ്പെട്ടു.
തന്റെ പരാമർശത്തിൽ ഷാജിക്കുണ്ടായ മനപ്രയാസത്തിൽ ഖേദിക്കുന്നതായും പരാമർശം പിൻവലിക്കുന്നതായും മന്ത്രി ജലീൽ പറഞ്ഞു.
കോളേജിൽ പഠിച്ചിട്ടില്ല എന്നത് ഒരാക്ഷേപമായി പറയരുതെന്നും ഏത് സഹചര്യത്തിലും അത്തരം പരാമർശങ്ങൾ വേണ്ടിയിരുന്നില്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണനും പറഞ്ഞു.ജൈവ മനുഷ്യരുടെ ചിന്ത രൂപം കൊള്ളുന്നത് മണ്ണില്‍നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.