റിയാദ് -സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വിനോദസഞ്ചാരം, ആരോഗ്യം എന്നീ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കും. ഇതിന് പുറമെ, മാളുകളിലെ തസ്തികകൾ സൗദി പൗരന്മാർക്ക് സംവരണം ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ മേഖലയിൽ 100 ശതമാനം സൗദിവത്കരണം പ്രാബല്യത്തിൽ വന്നതിന് ശേഷം 8000-ലേറെ തദ്ദേശീയരായ യുവതി യുവാക്കൾക്ക് തൊഴിൽ ലഭിച്ചതായാണ് മന്ത്രാലയത്തിന്റെ കണക്ക്.
നിലവിൽ 33,000 സ്വദേശികൾ ജോലി ചെയ്യുന്ന ടൂറിസം മേഖലയിൽ 60 ശതമാനവും തദ്ദേശീയരാണ്. 2018 അവസാനിക്കുമ്പോഴേക്കും ഈ മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുകയാണ് തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന്റെ ലക്ഷ്യം.
രാജ്യത്തെ സർക്കാർ മെഡിക്കൽ സെന്ററുകളും ആശുപത്രികളും ഡോക്ടർ, നഴ്‌സ് തസ്തികകളിലേക്ക് 7500 സ്വദേശികളുമായി കരാർ ഒപ്പുവെച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 2020 അവസാനത്തോടെ ആരോഗ്യമേഖലയിൽ 93 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.
ആവശ്യത്തിന് സൗദി ഉദ്യോഗാർഥികൾ ലഭ്യമാണെന്ന് ബോധ്യപ്പെട്ടാൽ ഏതു മേഖലയിലും സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള നിബന്ധന സൗദി ഉദ്യോഗാർഥികൾ ഉണ്ടായിരിക്കുക മാത്രമാണെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
തൊഴിലില്ലായ്മാ വേതന പദ്ധതിയായ ഹാഫിസ് വഴിയുള്ള ധനസഹായ വിതരണം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. അർഹരായവർക്കു മാത്രമായി ധനസഹായം പരിമിതപ്പെടുത്തും. തൊഴിൽ ആഗ്രഹിക്കാത്ത ചിലർ ഹാഫിസ് സഹായം പ്രയോജനപ്പെടുത്തുന്നതിന് മുന്നോട്ടുവരുന്നുണ്ട്. സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി സഹകരിക്കാത്ത ഇത്തരക്കാർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. എന്നിട്ടും പരിശീലന പദ്ധതികൾക്കും തൊഴിൽ അഭിമുഖങ്ങൾക്കും മുന്നോട്ടുവരാത്തവരെ ധനസഹായ പദ്ധതിയിൽനിന്ന് അകറ്റിനിർത്തും. മന്ത്രിസഭയാണ് ഹാഫിസ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന് പ്രത്യേക മാനദണ്ഡങ്ങൾ ബാധകമാണ്. ധനസഹായത്തിന് അർഹരായവരെ നിർണയിക്കുന്നതിന് മറ്റു സർക്കാർ വകുപ്പുകളുമായി സഹകരിച്ച് എല്ലാ മാസവും അപേക്ഷകരുടെ വിവരങ്ങളിൽ പരിശോധിക്കുന്നുണ്ട്. തൊഴിൽ അന്വേഷണ കാലത്ത് തങ്ങളോട് ആവശ്യപ്പെടുന്ന ചുമതലകൾ പാലിക്കുന്നതിന് ഉദ്യോഗാർഥികൾ ബാധ്യസ്ഥമാണെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. തൊഴിൽരഹിതരായ ഉദ്യോഗാർഥികൾക്ക് പ്രതിമാസം 2000 റിയാൽ വീതം ഒരു വർഷത്തേക്കാണ് ഹാഫിസ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. അതേസമയം, തൊഴിലില്ലായ്മ വേതന പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിൽ ചേർക്കുന്നതിന് ബന്ധപ്പെട്ടവർ കാലതാമസം വരുത്തുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടു. രണ്ടു മാസമായി തങ്ങളുടെ അപേക്ഷകൾ സ്വീകരിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു.
സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം പത്തു ശതമാനം വർധനവുണ്ടായതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2016 ൽ 51,040 സൗദി വനിതകൾക്കാണ് സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചത്.