പൊതുപരിപാടികളിൽ 200 മീറ്റർ അകലത്തിൽ
പൊതുജനങ്ങളെ മാറ്റിനിർത്തും
തിരുവനന്തപുരം- മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വീണ്ടും കൂട്ടും. നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ അധിക സുരക്ഷ കൂടി ഏർപ്പെടുത്താനാണ് തീരുമാനം. മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ യാത്രക്ക് അകമ്പടി മാത്രമല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കൂടി സുരക്ഷ വർധിപ്പിക്കും. നിലവിൽ ഇസഡ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. നിലവിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കും അകമ്പടിക്കും പുറമെ അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിന് രൂപീകരിച്ച സ്‌ട്രൈക്കർ ഫോഴ്‌സും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കും. അധികാരമേൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ പ്രത്യേക പരിശീലനം ലഭിച്ച പത്ത് കമാൻഡോകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അന്ന് പിണറായിയുടെ നിർദേശപ്രകാരം അതിൽ നിന്ന് നാല് പേരെ ഒഴിവാക്കുകയായിരുന്നു. അതിന് ശേഷം പലപ്പോഴായി മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ എണ്ണം ഇരട്ടിയിലധികമായി കൂട്ടുകയായിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ആർ.എസ്.എസ് നേതാവ് കുന്ദൻ ചന്ദ്രാവത് മുഖ്യമന്ത്രിയുടെ തല കൊയ്യുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അന്ന് കൂടുതൽ കമാൻഡോകളെ മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിൽ ഉൾപ്പെടുത്തിയത്. പിന്നീട് ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും സുരക്ഷ കൂടുതൽ ശക്തമാക്കി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ 200 മീറ്റർ അകലത്തിൽ പൊതുജനങ്ങളെ മാറ്റിനിർത്തുന്ന സുരക്ഷാ ക്രമീകരണമാണ് പോലീസ് ഒരുക്കുന്നത്. വി.വി.ഐ.പികളുടേതു പോലെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോൾ ചെറുറോഡുകൾ അടക്കണമെന്നും ശുപാർശയുണ്ട്. എപ്പോഴും 28 കമാൻഡോകളാകും സുരക്ഷയൊരുക്കുക. ഇപ്പോൾ മുഖ്യമന്ത്രി പോകുന്ന വഴികളിൽ മറ്റു വാഹനങ്ങൾ തടയുന്നുണ്ട്. വാളയാർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ എ.കെ. ബാലനും മാർക്ക് ദാനം അടക്കം പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.ടി. ജലീലിനും സുരക്ഷ വർധിപ്പിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.